ഔട്ട്സ്റ്റാന്റിങ് മേക്കിങ്, യുവതലമുറ കാണേണ്ട ചിത്രം; ധൂമത്തിന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെ
Entertainment
ഔട്ട്സ്റ്റാന്റിങ് മേക്കിങ്, യുവതലമുറ കാണേണ്ട ചിത്രം; ധൂമത്തിന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd June 2023, 4:54 pm

പ്രേക്ഷകര്‍ കാത്തിരുന്ന ധൂമം ഇന്ന് തിയേറ്ററുകളിലെത്തി. പവന്‍ കുമാറിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായികനായെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സിനിമ നല്‍കുന്ന മെസേജാണ് ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിച്ച പ്രധാന ഘടകം.

ടെയ്‌ലര്‍ തന്ന പ്രതീക്ഷയിലാണ് സിനിമ കണ്ടതെന്നും അതുകൊണ്ട് തന്നെ സിനിമ സംതൃപ്തി നല്‍കിയെന്നുമാണ് ആളുകളുടെ പ്രതികരണം. ഗംഭീര സിനിമയാണിതെന്നും സിനിമ തരുന്ന ഒരു മെസേജ് എല്ലാവരും ഫോളോ ചെയ്യണമെന്നുമുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.

‘നല്ല പടമാണ്, സോഷ്യലി റെലവന്റ് സിനിമയാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികളൊക്കെ അത്യാവശ്യമൊന്ന് നോക്കിയിരിക്കേണ്ട സിനിമയാണ്. മൊത്തത്തില്‍ ഒരു അവേര്‍നസ് പരിപാടിയാണ്. ട്രെയ്‌ലറില്‍ ഫഹദ് പറയുന്നത് പോലെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന സന്ദേശം അത്യാവശ്യം ഒരു ഇന്ററസ്റ്റിങ് പാറ്റേണിലേക്ക് കൊണ്ടുവന്ന് ഒരു ടച്ചിങ്ങായിട്ടുള്ള സ്‌റ്റോറി വെച്ച് നല്ല രീതിയില്‍ മേക്കിങ് ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ കാര്യം പറയണ്ട കാര്യമില്ലല്ലോ. അഭിനയത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ എല്ലാവരും നല്ല പോലെ അഭിനയിച്ചിട്ടുണ്ട്,’ എന്നാണ് മറ്റൊരു അഭിപ്രായം.

മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന ഇന്നത്തെ യുവതലമുറയില്‍പ്പെട്ട ആളുകള്‍ എല്ലാവരും കാണേണ്ട സിനിമയാണിതെന്നുമുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. സിനിമയുടെ സന്ദേശവും അഭിനേതാക്കളുടെ അഭിനയവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതികരണങ്ങള്‍ വരുന്നത് സിനിമയിലെ പാട്ടുകള്‍ക്കും ബാക്ഗ്രൗണ്ടിനുമാണ്.

മെസേജ് നല്ലതാണെങ്കിലും മേക്കിങ്ങ് കുറച്ച് കൂടി മെച്ചപ്പെടുത്താമെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്. സിനിമ നിരാശ സമ്മാനിച്ചെന്ന പ്രതികരണങ്ങളും വരികയാണ്.

സിനിമ കണ്ട് കഴിഞ്ഞാല്‍ സിഗരറ്റ് വലി നിര്‍ത്തുമോയെന്ന് അറിയില്ലെന്നും എന്നാല്‍ മാക്‌സിമം ഒഴിവാക്കാന്‍ ആളുകള്‍ ശ്രമിക്കുമായിരിക്കുമെന്നും സിനിമയിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത അപര്‍ണ ബാലമുരളി പറഞ്ഞു.

‘ഒരു പ്രായം കഴിഞ്ഞ് സിഗരറ്റ് വലിക്കുന്നതില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. അത് ഓരോരുത്തരുടെയും പേഴ്‌സണല്‍ ചോയ്‌സാണ്. പക്ഷേ ഇതില്‍ ഇന്‍ഫ്‌ളൂവന്‍സ്ഡ് ആകാന്‍ പറ്റുന്ന പ്രായത്തിലുള്ള ആളുകളുടെയും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെയും മുന്നില്‍ വെച്ച് വലിക്കുമ്പോള്‍ അവര്‍ക്ക് ഇതെന്താ സംഭവം എന്ന കൗതുകമുണ്ടാകും.

അവരുടെ മുന്നില്‍ വലിക്കുന്നതും, കുഞ്ഞുമക്കളുടെ മുന്നില്‍ വലിക്കുന്നതും മാക്‌സിമം ഒഴിവാക്കാന്‍ ശ്രമിപ്പിക്കുകയാണ് ഈ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. നമ്മളിപ്പോള്‍ വില്‍ക്കുന്നതിനേയും വാങ്ങുന്നതിനേയുംക്കാള്‍ അത് വലിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യങ്ങളാണിതില്‍ പറയുന്നത്. ഫാമിലിയായി വന്ന് കാണേണ്ട സിനിമയാണ്. ചെറിയ കാര്യങ്ങളാണെങ്കിലും അത് വലിയ നഷ്ടങ്ങളിലേക്ക് കൊണ്ടുപോകും. അതിന് ഈയൊരു സിനിമ കൊണ്ട് മാറ്റമുണ്ടായാല്‍ അത്രയും സന്തോഷം. കണ്ടിരിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു.

സിനിമ കണ്ടത് കൊണ്ട് പുകവലി നിര്‍ത്തുമോ ഇല്ലയോ എന്ന് അറിയില്ല. വീട്ടില്‍ കുട്ടികളും മറ്റുള്ളവരുമൊക്കെ ഉണ്ടാകുന്നവര്‍ കുറച്ച് കൂടി ശ്രദ്ധയോട് കൂടി ഹാന്‍ഡില്‍ ചെയ്യുമെന്ന് തോന്നുന്നു,’ അപര്‍ണ ബാലമുരളി പറഞ്ഞു.

പസില്‍ പോലെയാണ് സിനിമ മേക്ക് ചെയ്തതെന്നും എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നെന്നും നടന്‍ വിനീതും അഭിപ്രായപ്പെട്ടു.

‘എല്ലാവരും നല്ല കഥാപാത്രങ്ങളാണ്. പസില്‍ പോലെയാണ് സിനിമ. ഓരോന്ന് കണക്ട് ചെയ്ത് അവസാനം ക്ലാരിറ്റിയിലെത്തും. എല്ലാവര്‍ക്കും എന്‍ജോയ് ചെയ്യാന്‍ പറ്റും. സമൂഹത്തിന് നല്ലൊരു മെസേജും നല്‍കുന്നുണ്ട്. എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നു,’ വിനീത് പറഞ്ഞു.

ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ത്രില്ലിങ്ങായിട്ടുള്ള മേക്കിങ്ങാണ് ധൂമത്തിന്റേതെന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

‘സിനിമയുടെ കണ്ടന്റും മേക്കിങ്ങും ഔട്ട്സ്റ്റാറ്റിങാണ്. ഞാനഭിനയിച്ചത് കൊണ്ട് പറയുകയല്ല, ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ത്രില്ലിങ്ങായിട്ടുള്ള ഒരു മേക്കിങ്ങാണിതിന്റെ. ഇത് മുന്നോട്ട് വെക്കുന്ന പൊളിറ്റിക്‌സുണ്ട്. ടുബാക്കോ ഇന്റസ്ട്രിയില്‍ ജനങ്ങള്‍ക്ക് കൊടുക്കുന്ന ഒരേയൊരു വിഷം, അതിന്റെ മാഫിയാ സംഘം, മന്ത്രിമാരടക്കമുള്ള ആള്‍ക്കാര് ചെയ്യുന്ന കടുത്ത ദ്രോഹം. അത് വെറും ഒരു മെസേജിന് വേണ്ടി ചെയ്യുന്നതല്ല.

ഞാന്‍ ആദ്യമായിട്ടാണ് ഇത് കാണുന്നത്. ഡബ്ബിങ്ങിന്റെ സമയത്ത് എന്റെ പോര്‍ഷന്‍ മാത്രമാണ് കണ്ടത്. ഇപ്പോഴാണ് മൊത്തത്തില്‍ കാണുന്നത്. മേക്കിങ് ഔട്ട്സ്റ്റാന്റിങ്ങാണ്. മലയാളമാണെന്ന് തോന്നില്ല. ടെക്‌നിക്കല്‍ സൈഡും സ്‌ക്രിപ്പ്റ്റുമെല്ലാം ഗംഭീരമായിട്ടുണ്ട്, ഈ സിനിമ എന്തായാലും ഹിറ്റാകും,’ അദ്ദേഹം പറഞ്ഞു.

ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റര്‍ ഓഫ് ഇന്‍ഡ്യന്‍ സിനിമാട്ടോഗ്രാഫി ശ്രീ പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യെന്നാട, അഭിയും നാനും, ആകാശമാന്ത, ഹെയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

content highlights: theater reation about dhoomam