തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 56 ദിവസത്തിനുള്ളില്‍ ഒ.ടി.ടിക്ക് എത്തിക്കുന്നതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സഘടനയായ ഫിയോക്ക്. ഇങ്ങനെയുള്ള നിര്‍മാണ കമ്പനികളുടെ സിനിമകള്‍ മേലില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഇത്തരം സിനിമകളില്‍ അഭിനയിക്കുന്ന താരങ്ങളോട് സഹകരിക്കില്ലെന്നും ഫിയോക്ക് സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഓണച്ചിത്രങ്ങള്‍ അടക്കം 56 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കിയാല്‍ മതിയെന്ന് ഫിയോക്ക് പറഞ്ഞു.
തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ട്രെയ്‌ലര്‍, ടീസര്‍ പുറത്തുവിടുമ്പോള്‍ തന്നെ ഒ.ടി.ടി റിലീസ് സംബന്ധിച്ച തിയ്യതി അറിയിക്കുന്നതിനെതിരെയും ഫിയോക്ക് രംഗത്തെത്തി. ഫിയോക്കിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാരവാഹികള്‍.
നിലവില്‍ 42 ദിവസം എന്നുള്ളതാണ് തിയേറ്റര്‍ റിലീസായ ചിത്രം ഒ.ടി.ടിക്ക് നല്‍കേണ്ട കാലാവധി. ഒ.ടി.ടിയില്‍ നേരത്തെ സിനിമ വരും എന്നറിയുന്ന പ്രേക്ഷകന്‍ തിയേറ്ററിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നും ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു.
തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യമുള്ള സിനിമക്ക് മാത്രമാണ് പ്രേക്ഷകന്‍ തിയേറ്ററിലേക്ക് വരുന്നത്. അല്ലാത്തവ ഒ.ടി.ടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ചെറിയ ബജറ്റുള്ള സിനിമകള്‍ക്ക് ഇത് വലിയ പ്രതിസന്ധിയാണ്. ഈ ഒരു സാഹചര്യത്തില്‍ ഓണച്ചിത്രങ്ങള്‍ എട്ട് ആഴ്ചക്ക് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവൂ എന്നും ഫിയോക്ക് ആവശ്യപ്പട്ടു. അല്ലാത്ത സിനിമകള്‍ ഇനി ഒ.ടി.ടി നല്‍കിയാല്‍ മതിയെന്നും തിയേറ്ററുകളില്‍ അവരുടെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.
‘കെ.ജി.എഫ്, വിക്രം തുടങ്ങി മികച്ച തിയേറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ തിയേറ്ററില്‍ വരുന്നത്. ഇങ്ങനെ പോയാല്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടേണ്ടി വരും. സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേമ്പര്‍ പരിഗണിച്ചിരുന്നില്ല.
മോഹല്‍ലാലിന്റെ എലോണ്‍ ഒ.ടി.ടിയില്‍ പോയിട്ട്, അടുത്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കില്ല. ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒ.ടി.ടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ തുറന്നടിച്ചു. ഏത് സിനിമയും രണ്ടോ മൂന്നോ നാലോ ആഴ്ച പ്രദര്‍ശിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്, പക്ഷെ കാണുവാന്‍ ആളുകള്‍ വരേണ്ടേ,’ ഫിയോക്ക് പറഞ്ഞു.
ഫിലിം ചേമ്പറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന നിര്‍മാതാക്കള്‍ ഇത് ലംഘിക്കരുതെന്നും ഇക്കാര്യം ഫിലിം ചേമ്പറിനെ നാളെ രേഖാമൂലം അറിയിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പാപ്പന്‍, തല്ലുമാല, സോളമന്റെ തേനീച്ചകള്‍, ഗോള്‍ഡ് തുടങ്ങി ഒരുപിടി പുതിയ ചിത്രങ്ങള്‍ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
CONTENT HIGHLIGHTS: Theater owners’ organization FEOK opposes early delivery of theatrically released films to OTT