തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 56 ദിവസത്തിനുള്ളില്‍ ഒ.ടി.ടിക്ക് എത്തിക്കുന്നതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സഘടനയായ ഫിയോക്ക്. ഇങ്ങനെയുള്ള നിര്‍മാണ കമ്പനികളുടെ സിനിമകള്‍ മേലില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഇത്തരം സിനിമകളില്‍ അഭിനയിക്കുന്ന താരങ്ങളോട് സഹകരിക്കില്ലെന്നും ഫിയോക്ക് സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഓണച്ചിത്രങ്ങള്‍ അടക്കം 56 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കിയാല്‍ മതിയെന്ന് ഫിയോക്ക് പറഞ്ഞു.
തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ട്രെയ്‌ലര്‍, ടീസര്‍ പുറത്തുവിടുമ്പോള്‍ തന്നെ ഒ.ടി.ടി റിലീസ് സംബന്ധിച്ച തിയ്യതി അറിയിക്കുന്നതിനെതിരെയും ഫിയോക്ക് രംഗത്തെത്തി. ഫിയോക്കിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാരവാഹികള്‍.
നിലവില്‍ 42 ദിവസം എന്നുള്ളതാണ് തിയേറ്റര്‍ റിലീസായ ചിത്രം ഒ.ടി.ടിക്ക് നല്‍കേണ്ട കാലാവധി. ഒ.ടി.ടിയില്‍ നേരത്തെ സിനിമ വരും എന്നറിയുന്ന പ്രേക്ഷകന്‍ തിയേറ്ററിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നും ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു.
തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യമുള്ള സിനിമക്ക് മാത്രമാണ് പ്രേക്ഷകന്‍ തിയേറ്ററിലേക്ക് വരുന്നത്. അല്ലാത്തവ ഒ.ടി.ടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ചെറിയ ബജറ്റുള്ള സിനിമകള്‍ക്ക് ഇത് വലിയ പ്രതിസന്ധിയാണ്. ഈ ഒരു സാഹചര്യത്തില്‍ ഓണച്ചിത്രങ്ങള്‍ എട്ട് ആഴ്ചക്ക് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവൂ എന്നും ഫിയോക്ക് ആവശ്യപ്പട്ടു. അല്ലാത്ത സിനിമകള്‍ ഇനി ഒ.ടി.ടി നല്‍കിയാല്‍ മതിയെന്നും തിയേറ്ററുകളില്‍ അവരുടെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.