വിജയ്, അജിത്ത്, രജിനികാന്ത് തുടങ്ങിയ മുന്‍ നിര താരങ്ങളോട് വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍. മുന്‍ നിര താരങ്ങളായ ഇവര്‍ വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്താല്‍ തിയേറ്റര്‍ വ്യവസായത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും അതിനാല്‍ താരങ്ങള്‍ അതിന് തയ്യാറാകണം എന്നുമാണ് തമിഴ്‌നാട് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടത്.
സംഘടനാ യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു തിയേറ്റര്‍ ഉടമകളുടെ പ്രതികരണം. തമിഴ് സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് എട്ട് ആഴ്ചകള്‍ക്ക് ശേഷം മാത്രമേ ഒ.ടി.ടി റിലീസ് അനുവദിക്കാന്‍ പാടുള്ളൂവെന്നും ഇത്തരത്തില്‍ ഒ.ടി.ടി റിലീസ് ചെയ്യുന്ന സിനിമകളുടെ പരസ്യങ്ങള്‍ നാലാഴ്ച്ചക്ക് ശേഷം മാത്രമേ പുറത്തിറക്കാന്‍ പാടുള്ളൂവെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉടന്‍ തന്നെ നിര്‍മാതാക്കളുമായി സംസാരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒ.ടി.ടി റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് 10% റോയല്‍റ്റി തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കണമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ഉന്നയിച്ച മറ്റൊരു ആവശ്യം. ചെറിയ ചിത്രങ്ങള്‍ ആയിരുന്നാലും കഥ നല്ലാതായാല്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുമെന്നും അതാണ് ഇപ്പോള്‍ കണ്ടുവരുന്ന ട്രെന്‍ഡ് എന്നുമാണ് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞത്.
വരുമാന പ്രതിസന്ധി മറികടക്കാന്‍ ഐ.പി.എല്‍ മത്സരങ്ങളും ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളും സംപ്രേഷണം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ഇതിന് ആവശ്യമായി വരുന്ന സുരക്ഷാ സംവിധാനങ്ങള്‍ തങ്ങള്‍ തന്നെ ഒരുക്കുമെന്നും തിയേറ്റര്‍ ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌നാക്സ് വിലകൂട്ടി വില്‍ക്കുന്നത് കാരണമാണ് തിയേറ്റര്‍ വ്യവസായം തന്നെ മുന്നോട്ട് പോകുന്നതെന്നാണ് തിയേറ്റര്‍ ഉടമകള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. അതേസമയം
അടുത്തിടെ റിലീസ് ചെയ്ത മാരി സെല്‍വരാജ് ഉദയനിധി സ്റ്റാലിന്‍ ചിത്രം മാമന്നന്‍ നിറഞ്ഞ സദസിലാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.
റിലീസ് ചെയ്ത് രണ്ടാം വാരത്തില്‍ ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രത്തിന് 44 കോടിയാണ് ലഭിച്ചത്. ഈ വര്‍ഷം റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ ലാഭം നേടി കൊടുത്തിരുന്നു. വരാനിരിക്കുന്ന ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ ആണ് തമിഴ്‌നാട് തിയേറ്റര്‍ ഉടമകള്‍ കാത്തിരിക്കുന്ന ചിത്രം. മുന്‍ വിജയ് ചിത്രങ്ങളെ പോലെ തന്നെ വലിയ ലാഭം ലിയോ സമ്മാനിക്കുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ കരുതുന്നത്. ഒക്ടോബര്‍ 19 നാണ് ചിത്രം റിലീസ് ചെയ്യുക.
Content Highlight: Theater owners in Tamil Nadu have asked top stars like Vijay, Ajith and Rajinikanth to do two films a year