തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റേതാണ് തീരുമാനം.
‘തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു. സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേംബര്‍ പ്രതിനിധികള്‍ പറഞ്ഞു.
തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസ ഗഡുക്കളായി അടക്കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.
സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായിരുന്നു.
വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് സംഘടന ഉന്നയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു.
തിയേറ്റര്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും സിനിമാ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ ചേരുന്ന സിനിമാ തീയേറ്റര്‍ ഉടമകള്‍ അടക്കമുള്ള സംഘടനകളുടെ യോഗം തീയേറ്ററുകള്‍ എന്നു തുറക്കാം എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ട്.
തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേംബര്‍ സംഘടന പ്രതിനിധികള്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.
എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.
പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് അറിയിക്കുകയായിരുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.
50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക