|

ആര്‍.ആര്‍.ആറിന്റെ പ്രദര്‍ശനം പകുതിക്ക് വെച്ച് നിര്‍ത്തി അമേരിക്കയിലെ തിയേറ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ആര്‍.ആറിന്റെ ഇന്റര്‍വെല്ലിന് ശേഷമുള്ള ഭാഗം പ്രദര്‍ശിപ്പിക്കാതെ അമേരിക്കയിലെ തിയേറ്റര്‍. കാലിഫോര്‍ണിയയിലെ നോര്‍ത്ത് ഹോളിവുഡ് സിനിമാര്‍ക്ക് തിയേറ്ററിലാണ് ഇന്റര്‍വെല്ലിന് ശേഷമുള്ള ഭാഗം പ്രദര്‍ശിപ്പിക്കാതിരുന്നത്. സിനിമയുടെ ദൈര്‍ഘ്യത്തിലുള്ള ആശയകുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നാണ് തിയേറ്റര്‍ മാനേജര്‍ പറഞ്ഞത്.

സിനിമാ നിരൂപകയായ അനുപമ ചൊപ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ ഇവരുമുണ്ടായിരുന്നു.

‘ആദ്യമായാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. നോര്‍ത്ത് ഹോളിവുഡ് സിനിമാര്‍ക്ക് തിയേറ്ററില്‍ ആര്‍.ആര്‍.ആര്‍ റിലീസ് ചെയ്ത ആദ്യദിവസം ആദ്യ ഷോയ്ക്ക് പോയി.

ആദ്യ പകുതി കണ്ടെങ്കിലും രണ്ടാം പകുതി കണ്ടില്ല, കാരണം തിയേറ്റര്‍ ആ ഭാഗം ഉള്‍ക്കൊള്ളിച്ചില്ല. കൂടുതല്‍ ഉണ്ടെന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് മാനേജര്‍ പറഞ്ഞു. ഇത് അവിശ്വസനീയമാംവിധം അസ്വസ്ഥതയുണ്ടാക്കുന്നു,’ അനുപമ ട്വീറ്റ് ചെയ്തു.

അതേസമയം റെക്കോര്‍ഡ് കളക്ഷനുമായി ആര്‍.ആര്‍.ആര്‍ പ്രദര്‍ശനം തുടരുകയാണ്. തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. ഹിന്ദി പതിപ്പ് 23 കോടിയും കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി.

കൂടാതെ യു.എസ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ഇതെല്ലാം ചേര്‍ത്ത് ചിത്രം നേടിയ ആദ്യദിന ആഗോള ഗ്രോസ് 250 കോടിക്ക് അടുത്ത് വരും. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ. വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയത്. ഡി.വി.വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: Theater in the United States didn’t show the part of the R.R.R. after interval