| Tuesday, 28th March 2017, 7:35 pm

'ആളു കുറഞ്ഞതോടെ അങ്കമാലി ഡയറീസ് കാണാന്‍ ബംഗാളികളെ പണം കൊടുത്തിറക്കി'; നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണവുമായി തിയ്യറ്റര്‍ ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് ബോധപൂര്‍വം തിയറ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് തൃശൂര്‍ ഗിരിജാ തിയറ്റര്‍ ഉടമ ഡോ.ഗിരിജ രംഗത്ത്. സിനിമ കാണാന്‍ കാണികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഹോള്‍ഡ് ഓവര്‍ ഭീഷണി നേരിട്ടപ്പോള്‍ ബംഗാളി തൊഴിലാളികളെ രംഗത്തിറക്കിയെന്നാണ് ഡോ. ഗിരിജയുടെ ആരോപണം.

മലയാളം അറിയാത്ത ബംഗാളികളെ അങ്കമാലിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കൂട്ടമായി ഇറക്കിയെന്നും, ഭാഷ അറിയാത്ത ഇവര്‍ തിയറ്ററിനകത്ത് ഇരുന്നുറങ്ങുന്ന ചിത്രം കയ്യില്‍ ഉണ്ടെന്നും ഡോ.ഗിരിജ പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ഗിരിജ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റിലീസ് ചിത്രത്തിന് വേണ്ടി അങ്കമാലി ഡയറീസ് ഹോള്‍ഡ് ഓവറാക്കി നീക്കം ചെയ്യാനും സിനിമ കാണാനെത്തിയവരെ അകത്ത് കടത്തിവിടാതെയിരുന്നുവെന്നാണ് തിയറ്ററിനെതിരെ ഉണ്ടായിരുന്ന ആരോപണം. എന്നാല്‍ നല്ല സിനിമകളെ പിന്തുണയ്ക്കാറുള്ള ആളാണ് താനെന്നും ഹോള്‍ഡ് ഓവര്‍ ആയാലും അമ്പത് ശതമാനം നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കുമായി നല്‍കാറുണ്ടെന്നും ഡോ.ഗിരിജ പറയുന്നു.

അങ്കമാലി ഡയറീസ് നിര്‍മ്മാതാക്കള്‍ ഗുണ്ടായിസമാണ് കാണിക്കുന്നതെന്നും, ടിക്കറ്റിന്റെ ഇമേജ് നല്‍കി നിര്‍മ്മാതാവില്‍ നിന്ന് പണം തട്ടിക്കാന്‍ ശ്രമിക്കുന്നവരെ ഒഴിവാക്കുന്ന ആളാണ് താനെന്നും ഡോ.ഗിരിജ പറയുന്നു.


Also Read: ‘തമിഴ് സൂപ്പര്‍ ഹീറോ സൂര്യ ഇസ്‌ലാം മതം സ്വീകരിച്ചുവോ?’ വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി താരത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍


നിര്‍മ്മാതാക്കള്‍ കൂട്ടത്തോടെ ഇറക്കിയ ബംഗാളികള്‍ തിയറ്ററില്‍ ബഹളമുണ്ടാക്കിയെന്ന് കാട്ടി കമ്മീഷണര്‍ക്ക് തിയറ്ററുടമ പരാതി നല്‍കിയിട്ടുണ്ട്. ആധാരമായ വീഡിയോ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്.

നേരത്തെ, കാണികളെ തിയറ്ററിനകത്തേക്ക് കയറ്റാതെ ഹോള്‍ഡ് ഓവറാക്കാന്‍ തിയ്യറ്ററുടമ ശ്രമിക്കുന്നുവെന്ന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ ഗിരിജാ തിയറ്ററിന് മുന്നില്‍ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് രൂപേഷിന്റെ പ്രതികരണം. ദയവായി നിങ്ങളുടെ വാതില്‍ തുറക്കൂ പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്നായിരുന്നു ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more