സി.പി.ഐ.എമ്മില്‍ ചേര്‍ന്ന യൂത്ത് ലീഗ് നേതാവിനെ 24 മണിക്കൂറിനകം തിരിച്ചെത്തിച്ച് മുസ്‌ലീം ലീഗ്
Kerala
സി.പി.ഐ.എമ്മില്‍ ചേര്‍ന്ന യൂത്ത് ലീഗ് നേതാവിനെ 24 മണിക്കൂറിനകം തിരിച്ചെത്തിച്ച് മുസ്‌ലീം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th November 2021, 10:34 am

മലപ്പുറം: പാര്‍ട്ടിയോടിടഞ്ഞ് സി.പി.ഐ.എമ്മിലെത്തിയ യൂത്ത് ലീഗ് നേതാവിനെ 24 മണിക്കൂറിനകം തിരിച്ചെത്തിച്ച് മുസ്‌ലീം ലീഗ്. യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം ജാഫര്‍ പനയത്ത് ആണ് കഴിഞ്ഞ ദിവസം സി.പി.ഐ.എം താനൂര്‍ ഏരിയ സമ്മേളനത്തില്‍ വെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. വെള്ളിയാമ്പുറം സ്വദേശിയായ ജാഫര്‍ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ്, നന്നമ്പ്ര പഞ്ചായത്ത് എം.എസ്.എഫ്, യൂത്ത് ലീഗ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ ജില്ലാ കൗണ്‍സിലില്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹിത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ജാഫറിന് സ്ഥാനങ്ങളൊന്നും ലഭിച്ചിരുന്നില്ല. നിരാശനായ ജാഫറിന് മണ്ഡലം നേതൃത്വം ഇടപെട്ട് സംസ്ഥാന കൗണ്‍സിലര്‍ സ്ഥാനം നല്‍കി. ലീഗ് നേതാക്കളും യൂത്ത് ലീഗ് നേതാക്കളും എങ്ങനെയെങ്കിലും ജാഫറിനെ ജില്ലാ കമ്മിറ്റിയില്‍ പരിഗഗണിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും രണ്ട് പേരെ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള കാണാന്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അതിനിടെ ജാഫര്‍ പ്രാദേശിക സി.പി.ഐ.എം നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. പ്രാദേശിക നേതാക്കള്‍ മുഖേന സി.പി.ഐ.എം സെക്രട്ടേറിയേറ്റ് അംഗം ഇ. ജയനുമായി ചര്‍ച്ച നടത്തി. അര്‍ഹമായ പരിഗണന വാഗ്ദാനം ചെയ്തതോടെ സി.പി.ഐ.എമ്മിലേക്ക് ചേരാന്‍ ജാഫര്‍ തീരുമാനിക്കുകയായിരുന്നു.

താനൂര്‍ ഏരിയ സമ്മേളനത്തില്‍ വെച്ച് പര്‍ട്ടിയിലേക്ക് സ്വീകരിച്ച ജാഫറിന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ സൈനബ രക്തഹാരം അണിയുകയും പാര്‍ട്ടി പതാക കൈമാറുകയും ചെയ്തു. യോഗത്തില്‍ വെച്ച് ഇന്ത്യയുടെ പ്രതീക്ഷ ഇടത്പക്ഷമാണെന്നാണ് ജാഫര്‍ പ്രസംഗിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ വിവരമറിഞ്ഞത്.

തുടര്‍ന്ന് ഇവര്‍ ലീഗ് നേതാക്കളെ അതൃപ്തി അറിയിച്ചു. വിഷയം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ചര്‍ച്ചയായി. ലീഗ് നേതാക്കളും ബന്ധക്കളും ഇടപെട്ടാണ് ജാഫറിനെ ലീഗില്‍ തിരിച്ചെത്തിച്ചത്. ജാഫറിനെ പാണക്കാട് മുനവര്‍ അലി തങ്ങള്‍ ലീഗിലേക്ക് സ്വീകരിച്ചു. കുറച്ച് നാള്‍ പ്രദേശത്ത് നിന്നും മാറ്റി നിര്‍ത്തി വിദേശത്തേക്ക് അയക്കാനാണ് പദ്ധതി.

സി.പി.ഐ.എമ്മിലേക്ക് പോയ നേതാവിനെ തിരിച്ചെത്തിച്ച പ്രാദേശിക നേതൃത്വത്തിന്റെ നടപടിയില്‍ ജില്ലാ നേതൃത്വം സന്തോഷം രേഖപ്പെടുത്തി. പാര്‍ട്ടിയിലെത്തിയ ലീഗ് നേതാവ് തിരിച്ച് പോയത് സി.പി.ഐ.എമ്മിന് നാണക്കേടായി എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി ഉന്നതസ്ഥാനങ്ങളുള്‍പ്പെടെ വാഗ്ദാനം നല്‍കി മറ്റ് പാര്‍ട്ടിക്കാരെ സി.പി.ഐ.എമ്മിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു സി.പി.എം നേതാക്കള്‍. അതിനാല്‍ ഇനി പാര്‍ട്ടി അംഗങ്ങളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ നേരിടണമെന്നാണ് അണികള്‍ക്ക് ലീഗ് നേതാക്കളുടെ നിര്‍ദേശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: the-youth-league-leader-who-was-received-at-the-cpm-by-prominent-leaders-went-back-before-the-heat