പാലക്കാട്: പാലക്കാട്ടെ ഡി.വൈ.എഫ്.ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം. വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂര്‍ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാര്‍ത്തയും കേരള സമൂഹം കേട്ടതെന്നും ചിന്ത ജെറോം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചിന്തയുടെ പ്രതികരണം.
സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ, ഭാവിയില്‍ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവര്‍ത്തകയുമായ പെണ്‍കുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയില്‍ ഇല്ലാതാക്കിയത്. വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ്.
നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ വ്യാപിപ്പിക്കും. ഈ സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ടെന്നും ചിന്ത പറഞ്ഞു.
കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍ സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ടെന്ന് ഡി.വൈ.എഫ്.ഐയും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ സ്വദേശിയായ സൂര്യപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 11.30നായിരുന്നു കൊലപാതകം നടന്നത്.
‘പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ ഈ ബോധം വളര്‍ത്താന്‍ ചിന്താശേഷിയുള്ള യുവസമൂഹം ആവശ്യമാണ്,” ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. സുജീഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്.