ബെര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 205 അംഗ ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണ് അനാഹത് സിങ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കന്നിമത്സരത്തില്‍ വിജയം നേടിയാണ് സ്‌ക്വാഷ് താരമായ അനാഹത് തന്റെ വരവറിയിച്ചത്.
പരിജയ സമ്പന്നയായ ജാഡാ റോസിനെ 11-5, 11-2, 11-0 എന്നീ സെറ്റുകള്‍ക്കാണ് ഈ ഒമ്പതാം ക്ലാസുകാരി തോല്‍പിച്ചത്. ഇന്ത്യക്കായി ആദ്യമായാണ് ഈ കൗമാര താരം സീനിയര്‍ ലെവല്‍ മത്സരം കളിക്കുന്നത്.
ഈ വര്‍ഷം നടന്ന ഏഷ്യന്‍ ജൂനിയര്‍ സ്വാഷിലും ജര്‍മന്‍ ഓപ്പണിലും നേടിയ ജയമുള്‍പ്പെടെയുള്ള താരത്തിന്റെ നേട്ടങ്ങളാണ് ദല്‍ഹിക്കാരിയായ അനാഹതിന് കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിലേക്കുള്ള വഴി തുറന്നത്.
ആറാം വയസിലാണ് അനാഹത് ബാഡ്മിന്റണ്‍ തന്റെ ഇനമായി തെരഞ്ഞെടുക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവള്‍ സ്‌ക്വാഷ് കളിക്കാന്‍ തുടങ്ങി. എട്ടാം വയസില്‍ അനഹത് പ്രൊഫഷണല്‍ കോച്ചിന് കീഴില്‍ പരിശീലനം ആരംഭിക്കുകയും ഇന്ത്യക്ക് പുറത്തുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങുകയും ചെയ്തു.
രണ്ട് ദേശീയ ചാമ്പ്യന്‍ഷിപ്പുകളുള്‍പ്പെടെ 46 ദേശീയ സര്‍ക്യൂട്ട് കിരീടങ്ങളും എട്ട് അന്താരാഷ്ട്ര കിരീടങ്ങളും അനാഹത് നേടിയിട്ടുണ്ട്. 2019-ല്‍ തന്റെ ഏജ് ഗ്രൂപ്പിലുള്ള ഏറ്റവും മികച്ച താരങ്ങളെ തോല്‍പിച്ച് ബ്രിട്ടീഷ് ജൂനിയര്‍ സ്‌ക്വാഷ് ഓപ്പണ്‍ കിരീടവും 2021-ല്‍ യു.എസ്. ജൂനിയര്‍ സ്‌ക്വാഷ് ഓപ്പണ്‍ കിരീടവും നേടിയ ആദ്യ കായികതാരമാണ് അനാഹത്.