| Monday, 23rd January 2023, 7:54 pm

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിറപ്പിച്ചു; മെസിക്കും നെയ്മർക്കുമൊപ്പം മികച്ച സ്ട്രൈക്കേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ച് യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ആഴ്സണലിനായി മികച്ച പ്രകടനമാണ് ഇംഗ്ലീഷ് താരം ബുക്കായോ സാക്ക കാഴ്ച്ചവെക്കുന്നത്. ആഴ്സണലിനായി 157 മത്സരങ്ങൾ കളിച്ച താരം 31 ഗോളുകളും 36 അസിസ്റ്റുകളുമാണ് ഇത് വരെ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഞായറാഴ്ച്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചുവന്ന ചെകുത്താൻമാർക്കെതിരെ നിർണായകമായ ഒരു ഗോൾ സ്വന്തമാക്കാനും സാക്കക്ക് സാധിച്ചിരുന്നു.

ഇതൊടെ പുതിയ ക്ലബ്ബ്‌ സീസണിൽ കുറഞ്ഞത് ഏഴ് ഗോളുകളെങ്കിലും നേടുകയും ഏഴ് അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്ത താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് സാക്ക.

സ്ക്വാക്ക എന്ന സ്പോർട്സ് വെബ്സൈറ്റ് തയ്യാറാക്കിയ പട്ടികയിലാണ് സാക്ക ഇടം പിടിച്ചത്. 17 ലീഗ് വൺ മത്സരങ്ങളിൽ നിന്നും 10 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയ നെയ്മറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

15 മത്സരങ്ങളിൽ നിന്നും എട്ട് ഗോളും 10 അസിസ്റ്റുകളും സ്വന്തമാക്കിയ മെസി നെയ്മർക്ക് തൊട്ട് പിന്നാലെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

“ഇത് എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളാണ്. ഞാൻ നേടിയ മറ്റൊരു ഗോളുകൊണ്ടും ഈ ഗോളിനെ താരതമ്യം ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. അത് അത്രയ്ക്കും നന്നായിരുന്നു,’ യുണൈറ്റഡിനെതിരെയുള്ള തന്റെ ഗോളിനെക്കുറിച്ച് ആഴ്സണൽ വെബ്സൈറ്റിലൂടെ സാക്ക പറഞ്ഞു.

യുണൈറ്റഡിനെതിരെ വിജയിക്കാൻ സാധിച്ചതോടെ 19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളോടെ 50 പോയിന്റുകൾ സ്വന്തമാക്കാൻ ഗണ്ണേഴ്സിന് സാധിച്ചു. ആഴ്സണലാണ് നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാമത്. യുണൈറ്റഡ് 39 പോയിന്റുകളുമായി നാലാം സ്ഥാനത്താണ്.

ജനുവരി 28ന് എഫ്.എ കപ്പിൽ മാൻസിറ്റിയെയാണ് ഗണ്ണേഴ്സ് അടുത്തതായി നേരിടുന്നത്. യുണൈറ്റഡ് ജനുവരി 29ന് എഫ്.എ കപ്പിൽ റീഡേഴ്സിനെ നേരിടും.

Content Highlights: The young player has been included in the best strikers list with Messi and Neymar

We use cookies to give you the best possible experience. Learn more