| Saturday, 25th December 2021, 6:47 pm

ജയ് ശ്രീറാമെന്ന് വിളിപ്പിച്ചതിന് ദൃക്‌സാക്ഷികളുണ്ട്: നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിപ്പാട്: ആലപ്പുഴ ഇരട്ടകൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ മര്‍ദിച്ചതിനും ജയ് ശ്രീറാം വിളിപ്പിച്ചതിനും ദൃക്‌സാക്ഷികളുണ്ടെന്ന് ഫിറോസ് മുഹമ്മദ്. തന്റെ വാദം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്നും മുഹമ്മദ് പറഞ്ഞു.

എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള ഒരുരാഷ്ട്രീയ പാര്‍ട്ടികളോടും തനിക്ക് ബന്ധമില്ലെന്നും എന്നാല്‍ കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്ന് ആരോപിച്ചാണ് തന്നെ കസ്റ്റഡിയിലെടുത്തതെനന്നും മുഹമ്മദ് പറഞ്ഞു.

കൊലപാതകവുമായി ബന്ധമില്ലാത്ത ആളുകളെ പൊലീസ് എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് മുഹമ്മദ് ചോദിച്ചു.

പൊലീസ് ജീപ്പിലും സ്റ്റേഷനിലുമിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയും ചെയ്‌തെന്നും തന്നെ മര്‍ദിക്കുന്നതിനൊപ്പം ജയ് ശ്രീറാമും വന്ദേമാതരവും ഉറക്കെ വിളിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും മുഹമ്മദ് പറയുന്നു.

സംഭവം നടക്കുന്നതിനിടെ പൊലീസ് സ്റ്റേഷനിലെത്തിയ സി.ഐക്ക് തന്നെ നേരത്തെ പരിചയമുണ്ടായിരുന്നതിനാലാണ് മര്‍ദനം പൊലീസുകാര്‍ നിര്‍ത്തിയത്. തന്റെ പിതാവും സഹോദരനും സി.പി.ഐ.എം പ്രവര്‍ത്തരാണെന്നുള്ളത് പൊലീസ് കണക്കിലെടുത്തില്ലെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ജില്ല കളക്ടര്‍ക്കും മുഹമ്മദ് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് വ്യക്തമാക്കി.

അതേസമയം, ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ ജോലി രാജിവെക്കുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞിരുന്നു.

കൊലപാതക കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവ് അഷ്റഫ് മൗലവി നേരത്തെ പറഞ്ഞിരുന്നത്.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ബി.ജെ.പി പക്ഷം പറയുന്നത്.

അതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം, ശനിയാഴ്ച രാത്രി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും ചെയ്യുന്നുണ്ടെന്നും ഇരുവിഭാഗവും പറയുന്നുണ്ട്.

അതേസമയം ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണസംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും പറഞ്ഞ എ.ഡി.ജി.പി ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരം പുറത്തുവിടാനായിട്ടില്ലെന്നും അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The young man who was taken into police custody said he was ready for a lie detector test

We use cookies to give you the best possible experience. Learn more