ഭൂമിക്കും വീടിനും വേണ്ടി സമരം ചെയ്തു: അധികൃതര്‍ നടപടിയെടുത്തില്ല; യുവാവ് ആത്മഹത്യ ചെയ്തു
Land Rights
ഭൂമിക്കും വീടിനും വേണ്ടി സമരം ചെയ്തു: അധികൃതര്‍ നടപടിയെടുത്തില്ല; യുവാവ് ആത്മഹത്യ ചെയ്തു
ജംഷീന മുല്ലപ്പാട്ട്
Tuesday, 12th June 2018, 12:04 pm

സ്വന്തമായി ഭൂമിയും വീടും വേണം എന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയ യുവാവ് ആത്മഹത്യചെയ്തു. മലപ്പുറം കോഴിച്ചെന കണ്ടംചിറ മൈതാനിയില്‍ കാലങ്ങളായി കുടുംബവുമൊത്ത് കുടികെട്ടി താമസിക്കുകയായിരുന്ന മുരളിയാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങള്‍ക്കു മുമ്പ് തെന്നല പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ മഴയത്ത് കുട്ടികളുമായി മുരളി വീടിനു വേണ്ടി സമരം നടത്തിയിരുന്നു. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും തൊഴിലിനു വേണ്ടി കേരളത്തിലേയ്ക്ക് കുടിയേറിയവരാണ് മുരളിയുടെ കുടുംബം.

സ്വന്തമായി ഭൂമിയും ഏതെങ്കിലും ഭവന പദ്ധതിയില്‍ വീടും വേണമെന്ന ആവശ്യം ഉന്നയിച്ച് ഇയാള്‍ തെന്നല പഞ്ചായത്തിനെ നിരന്തരം സമീപിക്കുകയും അനുകൂലമായ നിലപാട് പഞ്ചായത്ത് എടുക്കാത്തതിനാല്‍ ഇയാള്‍ പഞ്ചായത്തിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.

“ഇവര്‍ വീടും സ്ഥലവും തരാം എന്നു പറഞ്ഞിരുന്നു. ഇന്ന് തരാം നാളെ തരാം എന്ന് പറയാന്‍ ഇതെന്താ ലോട്ടറിയാണോ? ജനിച്ചതില്‍ പിന്നെ ഇതുവരെ ഇത്രയും സങ്കടപ്പെട്ടു ഞാന്‍ കരഞ്ഞിട്ടില്ല. ചാകേണ്ടി വന്നാലും എനിക്ക് സങ്കടമില്ല. എന്നാലെങ്കിലും വീട് കിട്ടുമെങ്കില്‍ ആയിക്കോട്ടെ”. കുത്തിയിരുപ്പ് സമരത്തിനിടെ മുരളി അവിടെ കൂടിനിന്ന ജനങ്ങളോട് പറഞ്ഞ വാക്കുകളാണിവ.

മഴയത്ത് ഇരിക്കാതെ പഞ്ചായത്ത് ഒഫീസിലേയ്ക്ക് കയറി ഇരിക്കാനും വീണ്ടും വീടിനു വേണ്ടി പഞ്ചായത്തില്‍ അപേക്ഷ കൊടുക്കാനും കൂടിനില്‍ക്കുന്ന നാട്ടുകാര്‍ മുരളിയോട് ആവശ്യപ്പെടുന്നുണ്ട്. “ഞാന്‍ ധാരാളം അപേക്ഷ കൊടുത്തതാണ്. മഴ നനഞ്ഞു മരിച്ചാലും വേണ്ടില്ല എനിക്ക് വീട് കിട്ടിയാല്‍ മതി”. മുരളി ജനങ്ങളോട് ഇടയ്ക്കിടെ പറയുന്നുണ്ട്. (വീഡിയോ കാണാം)

കള്ളമ്മാരാണെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഉപദ്രവിക്കുകയും ഇളയ കുട്ടിയെ ആരൊക്കെയോ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് സുരക്ഷിതമായി കയറിക്കിടക്കാന്‍ വീടു വേണം എന്ന ആവശ്യം ഉന്നയിച്ച് മുരളി പഞ്ചായത്തിനെ സമീപിക്കുന്നത്. ഇത് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിമൊയ്ദീനും അംഗീകരിക്കുന്നുണ്ട്.

“ഇവര്‍ നടോടികളാണ്. ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ല. ആധാര്‍ കാര്‍ഡ് ഉണ്ടെന്നു പറയുന്നു. റേഷന്‍ കാര്‍ഡ് ആണ് വീടും സ്ഥലവും അനുവദിക്കാന്‍ ആധാരമായി വേണ്ടത്. ഇങ്ങനെ ഇല്ലാത്ത ഇവര്‍ക്ക് എങ്ങനെ വീട് നല്‍കും? എന്നാലും വീടും സ്ഥലവും നല്‍കാന്‍ പഞ്ചായത്ത് തയ്യാറാണ്. ഇതിനു സര്‍ക്കാരിന്റെ അനുമതി വേണം. 19ന് കൂടുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഇത് ചര്‍ച്ചചെയ്യാന്‍ ഇരുന്നതാണ്”. കുഞ്ഞിമൊയിദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തിലേയ്ക്ക് കുടിയേറി തൊഴിലെടുക്കുന്ന ജനതയോട് കാലങ്ങളായി ഭരണകൂട സംവിധാനങ്ങള്‍ കാണിക്കുന്ന നീതികേടിന്റെ മറ്റൊരു ഇരയാണ് മുരളി. നാടോടികളെ പൗരനായി അംഗീകരിക്കാതിരിക്കുകയും ഭൂമി, സുരക്ഷ മുതലായ പ്രാഥമിക അവകാശം പോലും നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ കടുത്ത നിസ്സംഗതയാണ് മുരളീധരനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന ആരോപണമുണ്ട്.

മുരളീധരനെ പോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ കുടിയേറിയവര്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് യാതൊരു തരത്തിലുള്ള തിരിച്ചറിയല്‍ രേഖകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനാല്‍ തന്നെ ഈ മനുഷ്യര്‍ എല്ലാവരും തെരുവിലോ പുറമ്പോക്കിലോ മറ്റുമാണ് കഴിയുന്നത്.


Dont Miss വിവരാവകാശരേഖയ്ക്ക് മറുപടി തന്നില്ല; പരാതിക്കാരന്‍ എന്‍ജീനിയറെ ഓടിച്ചിട്ട് തല്ലി


യാതൊരുവിധ ജീവിത സുരക്ഷയും ഇല്ലാതെയാണ് ഇവര്‍ കുടുംബവും കുട്ടികളുമായി താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പരിതാപകരമായ ജീവിതാവസ്ഥയിലാണ് ഇവരില്‍ ബഹുഭൂരിപക്ഷവും കഴിയുന്നത്.

ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നാളിതുവരെ ഒരു പദ്ധതിയോ നിയമനിര്‍മാണമോ നടത്തിയിട്ടില്ല. തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിസ്റ്റ്യൂട്ട് നടത്തിയ പഠനം അനുസരിച്ച് നിലവില്‍ 40 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ തൊഴിലെടുക്കുന്നുണ്ട്. ഇവര്‍ എവിടെയൊക്കേയാണ് തൊഴിലെടുക്കുന്നത്, ഇവരുടെ താമസം, സുരക്ഷ തുടങ്ങിയവയവയെ കുറിച്ച് സര്‍ക്കാരിന്റെ കയ്യില്‍ രേഖകളൊന്നും തന്നെ ഇല്ല.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം