| Friday, 16th February 2024, 4:03 pm

ചെങ്കടല്‍ അമേരിക്കയുടെ റിസോര്‍ട്ടല്ലെന്ന് ഹൂത്തികള്‍; ബ്രിട്ടന്‍ കപ്പലിനെ നേരിട്ട് ആക്രമിച്ചെന്ന് യെമന്‍ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ഏദന്‍ ഉള്‍ക്കടലില്‍ ബ്രിട്ടന്‍ കപ്പലിനെ നേരിട്ട് ആക്രമിച്ചതായി യെമന്‍ സേന. ഏദന്‍ കടലിലൂടെ കടന്നുപോയ ബ്രിട്ടന്റെ കപ്പലിന് നേരെ തങ്ങളുടെ സേന മിസൈലുകള്‍ വിക്ഷേപിച്ചതായാണ് യെമന്‍ അവകാശവാദം.

യെമന്‍ തീരത്ത് ഒരു കപ്പലിന് സമീപം സ്‌ഫോടനം നടന്നതായി രണ്ട് പാശ്ചാത്യ സമുദ്ര സുരക്ഷാ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സും, സുരക്ഷാ സ്ഥാപനമായ ആംബ്രെയുമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ഏദന്റെ കിഴക്ക് ഭാഗത്ത് ഒരു കപ്പലിന് സമീപത്തായി സ്‌ഫോടനം നടന്നതായും പ്രസ്തുത കപ്പല്‍ തുറമുഖത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ബള്‍ക്ക് കാരിയര്‍ ഒരു സ്‌ഫോടനാത്മക പ്രൊജക്‌റ്റൈല്‍ ലക്ഷ്യം വെച്ചിരുന്നുവെന്നും ആക്രമണത്തില്‍ കപ്പലില്‍ നിന്ന് പൊട്ടിത്തെറി ഉണ്ടാവുകയും ഡീസല്‍ ജനറേറ്റര്‍ പൈപ്പില്‍ ഇടിച്ച തകരാര്‍ മൂലം കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും അത് ഡീസല്‍ ചോര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തതായി ആംബ്രെ പറഞ്ഞു.

ഇതിനുപിന്നാലെ ബ്രിട്ടന്‍ കപ്പലിന് നേരെ തങ്ങളുടെ സേന സൈനിക നടപടി നടത്തിയതായി യെമന്റെ പ്രതിരോധ വക്താവ് യഹ്യ സാരി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

ഈ പ്രതിരോധ നടപടി ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ നീക്കമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഇനി അമേരിക്കക്കാര്‍ക്ക് ആസ്വദിക്കാനും വിശ്രമിക്കാനുമുള്ള ഒരു റിസോര്‍ട്ടല്ല ചെങ്കടല്‍ എന്ന് യെമന്‍ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് അലി അല്‍ ഹൂത്തി ഒരു സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ഇസ്രഈല്‍, യു.എസ്, ബ്രിട്ടീഷ് കപ്പലുകളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് യെമന്‍ സൈന്യം പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ വാണിജ്യ കപ്പലുകളുടെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ ഉറപ്പുനല്‍കാമെന്നും സൈന്യം പ്രസ്താവനയിറക്കി.

Content Highlight: The Yemeni forces directly attacked the British ship

We use cookies to give you the best possible experience. Learn more