|

ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പമെത്താന്‍ ലോകം സമയമെടുക്കും; ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടമണിഞ്ഞിരിക്കുകയാണ് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ ഫൈനലില്‍ സ്വന്തമാക്കിയത്. ആറ് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ ജയം. ഇതോടെ, തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ താരങ്ങള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യയുടെ വിജയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ മാസ്റ്റര്‍ രവിചന്ദ്രന്‍ അശ്വിന്‍. രോഹിത് ശര്‍മയുടെയും ഗൗതം ഗംഭീറിന്റെയും കാര്യത്തില്‍ താന്‍ വളരെ സന്തോഷവാനാണെന്നും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്ലാതെ ചാമ്പ്യന്‍സ് ട്രോഫി നേടിയത് ശ്രദ്ധേയമാണെന്നും അശ്വിന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം എത്താന്‍ ലോകം കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തി’ലാണ് അശ്വിന്‍ അഭിപ്രായം പറഞ്ഞത്.

‘രോഹിത്തിന്റെയും ഗൗതം ഗംഭീറിന്റെയും കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഗംഭീറിനെക്കുറിച്ച് ഒന്ന് ചിന്തിക്കൂ. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും മറ്റ് ചില മത്സരങ്ങളും തോറ്റു, പക്ഷേ അവര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രദ്ധേയമായ ഒരു തീരുമാനമെടുത്തു.

ബുംറയില്ലാതെ ഈ ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി നേടി. ഇത് നമ്മളോട് എന്താണ് പറയുന്നത്? ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് എവിടെയാണ് നിര്‍ത്തുന്നത്? ഞാന്‍ വളരെ സന്തോഷവാനാണ്. ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം എത്താന്‍ ലോകം കുറച്ച് സമയമെടുക്കുമെന്ന് ഞാന്‍ കരുതുന്നു,’ അശ്വിന്‍ പറഞ്ഞു.

CONTENT HIGHLIGHTS: The world will take time to catch up with Indian cricket; Former Indian spinner R Aswin reacts after Champions Trophy win

Video Stories