| Tuesday, 9th July 2024, 3:06 pm

പെരുമഴ പെയ്താലും ക്രിക്കറ്റ് കളിക്കാം; വിപ്ലവം സൃഷ്ടിക്കാൻ ലോകത്തിലെ ആദ്യ സ്റ്റേഡിയം ഒരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ലോകത്തിലെ ആദ്യത്തെ ഓള്‍ വെതര്‍ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഹൊബാര്‍ട്ടിന്റെ മക്വാരി പോയിന്റിലാണ് ഈ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഇതോടെ ഏത് കാലാവസ്ഥ പ്രതിസന്ധികളിലും പ്രതിസന്ധികള്‍ ഇല്ലാതെ മത്സരം നടത്താന്‍ സാധിക്കും.

മഴ കളിയെ തടസ്സപ്പെടുത്തിയാലും മത്സരം ഉപേക്ഷിക്കാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഇത്തരത്തിലുള്ള ഒരു പുതിയ സ്റ്റേഡിയം കായിക രംഗത്ത് വലിയ വിപ്ലവമാണ് കൊണ്ടുവരുക.

2028ഓടെയാണ് ഈ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുക. 23,000 ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള രീതിയിലാണ് സ്റ്റേഡിയം നിര്‍മിക്കുക. ഹൊബാര്‍ട്ടിലെ ചരിത്രത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം.

കളിക്കളത്തില്‍ സ്വാഭാവികമായ പ്രകാശം നല്‍കുകയും ടാസ്മാനിയന്‍ മരങ്ങള്‍ കൊണ്ട് ഉപയോഗിച്ച് കൊണ്ട് നിര്‍മിക്കുന്ന അര്‍ദ്ധസുതാര്യമായ മേല്‍ക്കൂരയാണ് ഈ സ്റ്റേഡിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇതിനെല്ലാം പുറമേ സ്റ്റേഡിയത്തിലെ നോര്‍ത്തേണ്‍ സ്റ്റാന്‍ഡില്‍ വ്യത്യസ്ത പരിപാടികള്‍ക്കായി ഒരു സ്റ്റേജും 1500 ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഫംഗ്ഷന്‍ റൂമും നിര്‍മാണത്തിന്റെ ഭാഗമാണ്.

ക്രിക്കറ്റ് ലോകത്തിന് പുതിയ വിപ്ലവം സൃഷ്ടിക്കുന്ന ഈ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനെ കുറിച്ച് ഓസ്‌ട്രേലിയയുടെ കായിക ഇവന്റ് മന്ത്രിയായ നിക്ക് സ്ട്രീറ്റ് പറഞ്ഞു.

‘ഞങ്ങളുടെ സ്വന്തം എ.എഫ്.എല്‍, എ.എഫ്.എല്‍.ഡബ്യൂ തുടങ്ങിയ ടീമുകള്‍ മത്സരിക്കുന്നത് കാണാനുള്ള ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഈ സ്റ്റേഡിയം,’ നിക്ക് സ്ട്രീറ്റ് പറഞ്ഞു.

Content Highlight: The world’s first all-weather cricket stadium is coming up in Tasmania, Australia

We use cookies to give you the best possible experience. Learn more