ഇതുപോലൊന്ന് ചരിത്രത്തിലാദ്യം, ആദ്യ ഫൈനലില്‍ തന്നെ കിരീടമുയര്‍ത്താനൊരുങ്ങി ഇംഗ്ലണ്ടും സ്‌പെയ്‌നും
football news
ഇതുപോലൊന്ന് ചരിത്രത്തിലാദ്യം, ആദ്യ ഫൈനലില്‍ തന്നെ കിരീടമുയര്‍ത്താനൊരുങ്ങി ഇംഗ്ലണ്ടും സ്‌പെയ്‌നും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th August 2023, 6:48 pm

2023 വനിതാ ലോകകപ്പില്‍ യൂറോപ്യന്‍ ഫൈനല്‍. രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്ട്രേലിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തി.

നിലവിലെ യൂറോ കപ്പ് ജേതാക്കള്‍ കൂടിയായ ഇംഗ്ലണ്ട് ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്. മത്സരത്തിന്റെ 36ാം മിനിറ്റിലെ എല്ല ടൂണയുടെ ഗോളില്‍ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നില്‍ നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിക്കുന്ന ഓസ്ട്രേലിയെയാണ് കാണാന്‍ കഴിഞ്ഞത്. 63-ാം മിനിറ്റില്‍ സൂപ്പര്‍താരം സാം കെര്‍ ആതിഥേയര്‍ക്കായി വലകുലുക്കി.

പിന്നീട് 71, 86 മിനിട്ടുകളിലെ ഗോളോടെ ഇംഗ്ലണ്ട് ലീഡുയര്‍ത്തുകയായിരുന്നു. ലൗറന്‍ ഹെംപ, അലെസ്സിയ റൂസോ എന്നവരാണ് രണ്ടും മൂന്നും ഗോളുകള്‍ നേടിയത്.

ഫൈനലില്‍ സ്പെയ്നാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇതോടെ ഒരു യൂറോപ്യന്‍ ഫൈനലിനാകും 2023ലെ വനിതാ ലോകകപ്പ് സാക്ഷിയായകുക.

സ്വീഡനെ കീഴടക്കിയാണ് സ്‌പെയ്ന്‍ നേരത്തെ ഫൈനലില്‍ കടന്നത്. സ്പാനിഷ് വനിതകളും ആദ്യമായിട്ടാണ് ലോകകപ്പിന്റ ഫൈനലെത്തുന്നത്. ആവേശകരമായ ഒന്നാം സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പെയ്നിന്റെ വിജയം.

വനിതാ ലോകകപ്പില്‍ ഒരു പുതിയ ജേതാവിനെയാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജര്‍മനി, നോര്‍വേ, ജപ്പാന്‍ എന്നീ മുന്‍ ജേതാക്കളെല്ലാം ഈ ലോകകകപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.

Content Highlight: The world of football is looking for new winners in women