ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ലോകം തിരിച്ചറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന പ്രധാനമന്ത്രി നരേ ന്ദ്രമോദിയുടെ പ്രതികരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി സിനിമ സംവിധായകന്‍. അസമിലെ സിനിമ പ്രവര്‍ത്തകന്‍ ലൂയിത് കുമാര്‍ ബര്‍മനാണ് പരാതി നല്‍കിയത്.
അസമിലെ ഹത്തിഗൗ സ്റ്റേഷനിലാണ് പരാതി നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം രാജ്യനിന്ദ നിറഞ്ഞതാണെന്നും ഒരു ഇന്ത്യക്കാരെനെന്ന നിലയില്‍ ഗാന്ധിക്കെതിരായ മോദിയുടെ പരാമര്‍ശങ്ങള്‍ സഹിക്കാനാകുന്നതല്ലെന്നും പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. താന്‍ ലോകം മുഴുവന്‍ സഞ്ചരിച്ച ആളാണെന്നും 1982ല്‍ റിച്ചാര്‍ഡ് ആറ്റിന്‍ബറോയുടെ ഗാന്ധി എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് ഗാന്ധിയെ ലോകം അറിഞ്ഞത് എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയുമെല്ലാം ലോകം അറിയുമായിരുന്നു എന്നും സിനിമ ഇറങ്ങുന്നതിന് മുമ്പ് ഗാന്ധി അത്തരത്തില്‍ അറിയപ്പെട്ടിരുന്നില്ല എന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ വ്യാപകമായ വിമര്‍ശനവും പരിഹാസവുമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. നരേന്ദ്രമോദിയുടെ സര്‍ക്കാറാണ് രാജ്യത്തെ വിവിധയിടങ്ങളിലെ ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ തകര്‍ത്തതെന്നും ജയ്‌റാം രമേശ് പറഞ്ഞു.
1982ല്‍ സിനിമ ഇറങ്ങുന്നതുവരെ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരസിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തി. സമൂഹമാധ്യങ്ങളിലൂടെയും അല്ലാതെയും പ്രധാനമന്ത്രിക്കെതിരായ പരിഹാസങ്ങള്‍ തുടരുകയാണ്. പി.എം.മോദി എന്ന സിനിമ പരാജയപ്പെട്ടതിനിലാകാം നരേന്ദ്ര മോദിയെ ലോകം അറിയാതെ പോയത് എന്നാണ് പരിഹാസങ്ങളില്‍ പ്രധാനപ്പെട്ടത്.
അതേസമയം 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മോദി കന്യാകുമാരിയില്‍ ധ്യാനത്തിലാണ്. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനം കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ആരംഭിച്ചിട്ടുണ്ട്.
content highlights: the world did not know Gandhi until the release of the film; Director complains against Modi