| Monday, 19th December 2022, 5:24 pm

ലോകകപ്പ് അവസാനിച്ചു; ഇനിയാണ് "യഥാർത്ഥ" ഫുട്ബോൾ മാമാങ്കം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഉത്സവത്തിന് ഖത്തറിന്റെ മണ്ണിൽ നിന്നും കൊടിയിറങ്ങിരിക്കുകയാണ്. കലാശപ്പോരാട്ടത്തിൽ മുൻവർഷത്തെ കിരീടജേതാക്കളായ ഫ്രാൻസിനെ തകർത്ത്കൊണ്ട് അർജന്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.

ഇതോടെ 1978,1986 എന്നീ വർഷങ്ങൾക്ക് ശേഷം മൂന്നാം ലോകകിരീടം സ്വന്തമാക്കാൻ മെസിക്കും കൂട്ടർക്കുമായിരിക്കുകയാണ്.

ലോകകപ്പിന്റെ ആഹ്ലാദ ആരവങ്ങൾ ഒഴിവായതോടെ ഇനി ക്ലബ്ബ് ഫുട്ബോൾ സീസൺ ആരംഭിക്കുകയാണ്.

ലോകകപ്പ് മത്സരങ്ങൾക്കായി നിർത്തി വെച്ചിരുന്ന വിവിധ ലീഗ് മത്സരങ്ങളും, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, യുവേഫ കോൺഫറൻസ് ലീഗ് മുതലായ മേജർ ടൂർണമെന്റുകളും അടുത്ത മാസങ്ങളിലായി തന്നെ ഫിഫ ആരംഭിക്കും.

ടോപ്പ് ഫൈവ് ലീഗ്സ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ, ലീഗ് വൺ, ബുണ്ടസ് ലിഗ എന്നീ ലീഗുകൾ പുനരാരംഭിക്കാനാണ് ലോകമാകെയുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.

ഡിസംബർ 26നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഉയർത്തിയിരുന്ന അപ്രമാധിത്യത്തെ വെല്ലുവിളിച്ചു കൊണ്ട് ആഴ്സണലാണ് ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത്.

കൂടാതെ ബിഗ് സിക്സ് ടീമുകൾ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർയുണൈറ്റഡ്, മാഞ്ചസ്റ്റർസിറ്റി, ലിവർപൂൾ, ചെൽസി,ടോട്ടൻഹാം, ആഴ്സണൽ എന്നീ ടീമുകൾക്കൊപ്പം ബ്രൈട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകൾ കൂടി ശക്തമായ മത്സരം കാഴ്ചവെക്കുന്നതോടെ കനത്ത പോരാട്ടമാണ് പ്രീമിയർ ലീഗിൽ നടക്കുന്നത്.

സ്പാനിഷ് ലീഗായ ലാലിഗയിലെ മത്സരങ്ങൾ ഡിസംബർ 29നാണ് ആരംഭിക്കുന്നത്. പതിവ് പോലെ റയലും ബാഴ്സയും കനത്ത പോരാട്ടം കാഴ്ചവെയ്ക്കുന്ന ലീഗിൽ നിലവിൽ രണ്ട് പോയിന്റുകളുടെ മാത്രം വ്യത്യാസത്തിൽ ബാഴ്സലോണയാണ് ടേബിൾ ടോപ്പർമാർ.
ലീഗിലെ മറ്റൊരു ശക്തരായ അത് ലറ്റിക്കോ മാഡ്രിഡ് നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്താണുള്ളത്.

ഇറ്റാലിയൻ ലീഗായ സീരി എ യിലെ മത്സരങ്ങൾ ജനുവരി നാലിനാണ് ആരംഭിക്കുക. മികച്ച ടീമുകൾ പരസ്പരം മത്സരിക്കുന്ന പ്രതിരോധത്തിലൂന്നിയ കളിശൈലി കൊണ്ട് പ്രസിദ്ധമായ സീരി എയിൽ പത്ത് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ സീസണിൽ ലീഗ് ടൈറ്റിൽ സ്വന്തമാക്കിയ മിലാനും നാപ്പോളിയും തമ്മിലാണ് പ്രധാന പോരാട്ടം.

നിലവിൽ തന്നെ മിലാനെക്കാൾ എട്ട് പോയിന്റ് വ്യത്യാസത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ് നാപ്പോളി. എന്നാൽ ഇന്റർമിലാൻ, യുവന്റസ് അടക്കമുള്ള ക്ലബ്ബുകൾ അവരുടെ പ്രതാപകാലത്തിന്റെ നിഴലിലാണ് ഇപ്പോൾ ലീഗിൽ കളിക്കുന്നത്.

ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ഡിസംബർ 28 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. മെസി, എംബാപ്പെ, നെയ്മർ മുതലായ സൂപ്പർ താരങ്ങൾ കളിക്കുന്ന പി.എസ്.ജി തന്നെയാണ് ലീഗിൽ ഒന്നാമത്. ക്ലബ്ബ് ടൈറ്റിൽ ഏതാണ്ട് ഉറപ്പിച്ചു തന്നെ കളിക്കുന്ന പി.എസ്.ജിയുടെ പ്രധാന ലക്ഷ്യം കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കരസ്ഥമാക്കുക എന്നതാണ്.

ജർമൻ ലീഗായ ബുണ്ടസ് ലിഗയാണ് ലോകകപ്പിന് ശേഷം ഏറ്റവും അവസാനം ആരംഭിക്കുന്ന ഫുട്ബോൾ ലീഗ് ജനുവരി 21 ന് പുനരാരംഭിക്കുന്ന ബുണ്ടസ് ലിഗ യിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. ലീഗിൽ തുടക്കസമയത്ത് ഒന്നാമതുണ്ടായിരുന്ന യൂണിയൻ ബെർലിൻ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരാധകർ ഉള്ള ക്ലബ്ബ് എന്ന പേരിൽ പ്രശ്‌സ്തമായ ബൊറൂസിയാ ഡോർട്മുണ്ട് മുതലായ ക്ലബ്ബുകൾ ലീഗിൽ ആദ്യ നാല് സ്ഥാനത്തിനും താഴെയാണ് നിലവിലുള്ളത്.

ലീഗ് മത്സരങ്ങൾ കൂടാതെ ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങൾ ഫെബ്രുവരി 15ന് ആരംഭിക്കും ബാഴ്സലോണ യുവന്റസ് മുതലായ സൂപ്പർ ക്ലബ്ബുകളെല്ലാം ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.

ലോകത്തെ മികച്ച ക്ലബ്ബുകൾ ആയിട്ടും ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയാത്ത ക്ലബ്ബുകൾ എന്ന ദുരന്തത്തിൽ നിന്നും രക്ഷപെടാനുള്ള അവസരവുമായി പി.എ സ്.ജി യും മാഞ്ചസ്റ്റർസിറ്റിയും പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്.

ഫെബ്രുവരി 16നാണ് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്.

യൂറോപ്പ ക്വാളിഫയർ റൗണ്ടിൽ ബാഴ്സലോണയും മാൻയുണൈറ്റഡും ഒരു നീണ്ട ഇടവേളക്ക് ശേഷം ഏറ്റുമുട്ടുന്നു എന്ന സവിശേഷതയും യൂറോപ്പ ലീഗിനുണ്ട്. കൂടാതെ ആഴ്സണൽ, റോമ,തുടങ്ങിയ ക്ലബ്ബുകളും കളിക്കുന്ന യൂറോപ്പ ലീഗിന് മുൻ വർഷത്തെക്കാൾ ആരാധകർ കൂടുതലുണ്ട്.

Content Highlights:The World Cup is over; Now is the “real” football festival is starting

We use cookies to give you the best possible experience. Learn more