ഖത്തർ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്.
ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8:30ന് നടക്കുന്ന മത്സരത്തിൽ അർജന്റീന എതിരിടുന്നത് നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ്.
ഞായറാഴ്ച ഖത്തറിന്റെ മണ്ണിൽ വിജയിക്കുന്ന ടീമാകും ഇനിയൊരു നാല് വർഷത്തേക്ക് ഫുട്ബോളിലെ കിരീടം വെക്കാത്ത രാജാക്കന്മാർ.
എന്നാൽ ലോകകപ്പ് ഫൈനൽ മത്സരത്തിൽ മെസിക്ക് അമിത പ്രാധാന്യം നൽകുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ്.
മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് ഗോൾ കീപ്പർ കൂടിയായ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ്.
മാധ്യമ പ്രവർത്തകർ തുടർച്ചയായി മെസിയെക്കുറിച്ച് ചോദിച്ചപ്പോൾ ” ഈ ടൂർണമെന്റിൽ ഓരോ കളിക്കാരനെയും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മികച്ച രണ്ട് രാഷ്ട്രങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
മെസിയെപോലുള്ള ഒരു കളിക്കാരനെ എതിരിടുമ്പോൾ, തീർച്ചയായും കൂടുതൽ ശ്രദ്ധിക്കണം. പക്ഷെ ഫൈനലിൽ കളിക്കുന്നത് മെസി മാത്രമല്ല,’ ഹ്യൂഗോ ലോറിസ് പറഞ്ഞു.
“നാളത്തെ മത്സരം പരസ്പരം ബഹുമാനിച്ച് കളിക്കേണ്ടതാണ്. ഞങ്ങൾ ഇപ്പോഴും എതിരാളികളെ പഠിക്കുകയും, നാളത്തെ മത്സരത്തിനായി തയാറാവുകയുമാണ്. ഞങ്ങൾ മുൻകൂട്ടി കാണാത്ത ഒരു മുന്നേറ്റവും നാളത്തെ മത്സരത്തിൽ ഉണ്ടാകാൻ പാടില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിലെ ക്യാമൽ ഫ്ലൂ വൈറസ് ബാധ ആശങ്കപ്പെടേണ്ട കാര്യമല്ലെന്ന് ഹ്യൂഗോ ലോറിസ് വ്യക്തമാക്കി. അതേസമയം, മെസിക്ക് കിരീടം ലഭിക്കണമെന്ന പലരുടേയും ആവശ്യത്തെ താൻ ഗൗനിക്കില്ലെന്ന് നേരത്തെ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാപ്‌സും വ്യക്തമാക്കിയിരുന്നു.
നാളെ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ടീമാവാന്‍ ഫ്രാന്‍സിന് കഴിയും. അതേസമയം 1986ൽ മറഡോണയുടെ നേതൃത്വത്തില്‍ കിരീടംനേടിയശേഷം വീണ്ടും ചാമ്പ്യന്‍മാരാകാനുള്ള അവസരമാണ് അര്‍ജന്റീനക്കുള്ളത്.
കൂടാതെ മെസിക്ക് ഒരു ലോകകിരീടം എന്ന സ്വപ്നത്തിലേക്കുള്ള അവസാന അവസരമായിരിക്കും ഒരു പക്ഷെ ഖത്തർ ലോകകപ്പ്. ഫൈനൽ വിജയിക്കാനായാൽ അര്ജന്റീനക്കും ഫ്രാൻസിനും അവരുടെ മൂന്നാം ലോകകപ്പ് കിരീടത്തിൽ മുത്തമിടാം.
2006ല്‍ ഫ്രാന്‍സ് ഫൈനലില്‍ ഇറ്റലിയോട് തോറ്റിരുന്നു. അര്‍ജന്റീന 2014ൽ ജർമനിയോടും ഫൈനൽ പോരാട്ടത്തിൽ കീഴടങ്ങി.
Content Highlights: The World Cup final is not a match played by Messi alone; French captain