ലോകകപ്പ് അവസാനിച്ചു; ബ്രസീലിന്റെ മണ്ണ് വിട്ടുപോകാതെ അര്‍ജന്റീനക്കാര്‍
Daily News
ലോകകപ്പ് അവസാനിച്ചു; ബ്രസീലിന്റെ മണ്ണ് വിട്ടുപോകാതെ അര്‍ജന്റീനക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th July 2014, 12:41 pm

argentina-in-brazilറിയോ ഡി ജനീറോ:  ലോകകപ്പ് കഴിഞ്ഞു, ജര്‍മന്‍നിര കപ്പും കൊണ്ട് സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു.

പക്ഷെ ബ്രസീലിയന്‍ ദേശത്ത് നീല ജഴ്‌സിക്കാര്‍ക്ക് പഞ്ഞമില്ല. മഞ്ഞ ജഴിസിക്കാരുടെ മണ്ണ് വിട്ടുപിരിയാനാകാതെ അര്‍ജന്റീനക്കാര്‍ അവിടങ്ങളില്‍ അലയുന്നുണ്ട്.

1,60,000 അര്‍ജന്റീനക്കാരാണ് ലോകകപ്പ് സമയത്ത്‌ തങ്ങളുടെ ലോകകപ്പില്‍ രാജ്യം മുത്തമിടുമെന്ന സ്വപ്നവും പേറി ബ്രസീലിലേയ്ക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ലോകകപ്പ് ലഭിച്ചില്ലെങ്കിലും ബ്രസീലിനോട് വിടപറയാനാവാതെ അവര്‍.

പതിനായിരക്കണക്കിന് അര്‍ജന്റീന ഫാന്‍സാണ് രാജ്യത്ത് ഉള്ളതെന്നാണ് ഒരു തദ്ദേശചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതലും ചെറുപ്പക്കാര്‍. അതില്‍ തന്നെ മൂന്നിലൊന്നും സ്ത്രീകള്‍.

എത്ര അര്‍ജന്റീനക്കാരാണ് ഇപ്പോഴും ബ്രസീലിലുള്ളതെന്ന ചോദ്യങ്ങള്‍ക്ക് ബ്രസീലീല്‍ പോലീസ് അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

“ഇത്രയേറെ അര്‍ജന്റീനക്കാര്‍ എത്തിയതും അവര്‍ ഇപ്പോഴും ഇവിടെ തങ്ങുന്നുവെന്നതും അത്ഭുതകരമാണ്. ഏതൊരു രാജ്യത്തും അവിടെയെത്തുന്ന ആള്‍ക്കാര്‍ എന്താവശ്യത്തിനാണ് വരുന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും അവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടോ എന്നൊക്കെ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ അതൊന്നും ഇവിടെ നടക്കുന്നില്ല.” റിയോ പത്രമായ ഓ ഗ്ലോബോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രസീലില്‍ തങ്ങുന്നവര്‍ സമ്പന്നരും തിന്നുകുടിച്ച സുഖിക്കുന്നവരുമാണെന്ന് ധരിക്കരുത്. അവര്‍ അവിടെ പല കച്ചവടങ്ങളിലും ഏര്‍പ്പെടുന്നു. കരകൗശലവസ്തുക്കളുടെ വില്‍പ്പന, മാന്ത്രിക  വിദ്യകള്‍ കാണിക്കല്‍ അങ്ങനെയങ്ങനെ..

[]ബ്രസീല്‍ സന്ദര്‍ശിക്കാന്‍ അര്‍ജന്റീനക്കാര്‍ക്ക് വിസയോ പാസ്‌പോര്‍ട്ടോ ആവശ്യമില്ല. സര്‍ക്കാര്‍ നല്‍കുന്ന ഐ.ഡി കാര്‍ഡ്‌ ധാരാളം.

അര്‍ജന്റീനക്കാര്‍ മാത്രമാണ് ബ്രസീലില്‍ തങ്ങുന്നവരെന്ന് ധരിക്കരുത്. ദക്ഷിണാഫ്രിക്കന്‍ ടൂറിസ്റ്റുകളുള്‍പ്പെടെ ബ്രസീലില്‍ തങ്ങുന്നവര്‍ നിരവധിയാണ്. ചൂട് താരതമ്യേന കുറഞ്ഞ സ്ഥലങ്ങളിലൊന്നാണ് റിയോ. അന്തരീക്ഷോഷ്മാവ് 28 ഡിഗ്രീ സെന്റിഗ്രേഡ്. നല്ല കാലാവസ്ഥ.

“ഇവിടെന്ന് പോകുന്ന കാര്യം ചിന്തിക്കാന്‍ പറ്റുന്നില്ല. വന്നത് ലോകകപ്പ് കാണാനാണ്. ഇപ്പോള്‍ ഇവിടം വിട്ടുപോകാന്‍ പറ്റുന്നില്ല” 25 വയസ്സുകാരനായ മാര്‍ട്ടിന്‍ സിഷേറോയുടെ വാക്കുകള്‍…