വാഷിങ്ടണ്‍: ഒമ്പത് മാസം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ ഭൂമിയില്‍ തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അഭിനന്ദന പ്രവാഹം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
വൈറ്റ് ഹൗസ് പുറത്തുവിട്ട കുറിപ്പില്‍ ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടന്ന ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവരുമെന്ന ട്രംപിന്റെ വാഗ്ദാനം പാലിക്കപ്പെട്ടതായി പറയുന്നുണ്ട്. ഇതിന് പുറമെ ദൗത്യത്തില്‍ പങ്കാളികളായ നാസയ്ക്കും ഇലോണ്‍ മസ്‌കിനും സ്‌പേസ് എക്‌സ് നന്ദി അറിയിക്കുന്നുണ്ട്.
അതേസമയം ദൗത്യവിജയത്തില്‍ സ്‌പേസ് എക്‌സിനേയും നാസയേയും അഭിനന്ദിച്ച ഇലോണ്‍ മസ്‌ക് ട്രംപിന്റെ നിരുപാധിക പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുണ്ട്. നാല് പേരും സുരക്ഷിതമായി തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് നാസയും എക്‌സില്‍ കുറിച്ചു.
‘നിങ്ങളെ ഭൂമി മിസ് ചെയ്തു’ എന്നാണ് സുനിത വില്യംസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്. നിങ്ങളുടെ മനക്കരുത്ത്, ധൈര്യം, അതിരറ്റ മനുഷ്യചൈതന്യം എന്നിവയുടെ ഒരു പരീക്ഷണമായിരുന്നു ഇതെന്ന് മോദി സുനിത വില്യംസിനായി കുറിച്ചു. ക്രൂ 9 ബഹിരാകാശയാത്രികര്‍ സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് വീണ്ടും നമുക്ക് കാണിച്ചുതന്നെന്നും മോദി എക്‌സില്‍ കുറിച്ചു.
മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സ് ക്രൂ ഡ്രാഗണാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടുന്ന സംഘത്തെ ഭൂമിയിലേക്ക് തിരിച്ചത്.
ജനുവരിയില്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം ഡൊണാള്‍ഡ് ട്രംപ് ഇരുവരേയും തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന് മുന്‍ഗണന നല്‍കിയിരുന്നു. ഇരുവരേയും തിരിച്ചെത്തിക്കുന്നതിലെ കാലതാമസത്തിന് ട്രംപ് തന്റെ മുന്‍ഗാമിയായ ജോ ബൈഡനെ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ സമയം ഇന്ന് 3:27 നാണ് ക്രൂ 9 സംഘത്തിലെ മറ്റ് നാല് അംഗങ്ങള്‍ക്കൊപ്പം സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറിനൊപ്പം മെക്സിക്കന്‍ ഉള്‍ക്കടലിലെ റിക്കവറി കപ്പലില്‍ ലാന്‍ഡ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ക്രൂ 9 ഡ്രാഗണ്‍ പേടകം, കപ്പലില്‍ ലാന്‍ഡ് ചെയ്യിപ്പിച്ചാണ് സംഘത്തെ പുറത്തിറക്കിയത്.
സുനിതയ്ക്കും ബുച്ച് വില്‍മോറിനും പുറമെ നിക് ഹേഗ്, റഷ്യന്‍ കോസ്മനോട്ട് അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ മറ്റ് യാത്രക്കാര്‍. ഇന്നലെ (ചൊവ്വാഴ്ച) ഇന്ത്യന്‍ സമയം രാവിലെ 10:30യോട് കൂടിയാണ് ഇവര്‍ സഞ്ചരിച്ച ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബോയിങ്ങിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ മടക്ക യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു.
Content Highlight: The world congratulates Sunita Williams on her return; Musk and Trump praise each other