ഫലസ്തീനിലെ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയില്‍; രോഗികള്‍ ചികിത്സ ലഭിക്കാതെ ദുരിതത്തില്‍
World News
ഫലസ്തീനിലെ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയില്‍; രോഗികള്‍ ചികിത്സ ലഭിക്കാതെ ദുരിതത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2023, 10:21 am

ജറുസലേം: ഇസ്രാഈല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഫലസ്തീനിലെ സാമൂഹിക സാമ്പത്തിക സ്ഥിതിയെ ദുരിതത്തിലാക്കുന്നുവെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. രോഗികള്‍ക്ക് ആശുപത്രിയിലെത്തുന്നതിന് പോലും ഇസ്രാഈല്‍ നിയന്ത്രണങ്ങള്‍ പ്രയാസമുണ്ടാക്കുന്നതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും ആരോഗ്യ സേവനങ്ങളെ ബാധിക്കുന്ന പരിമിതികളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫലസ്തീന്‍ സമ്പദ്വ്യവസ്ഥ സ്തംഭനാവസ്ഥയിലാണ്. അടിസ്ഥാന നയങ്ങള്‍ മാറ്റുന്നില്ലെങ്കില്‍ ഫലസ്തീനിലെ സ്ഥിതി മെച്ചപ്പെടുമെന്ന് തോന്നുന്നില്ല,’ വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും ലോക ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ സ്റ്റെഫാന്‍ എംബ്ലാഡ് പറഞ്ഞു.

സാധ്യതകള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ് ഫലസ്തീന്‍ സമ്പദ് വ്യവസ്ഥ. സഞ്ചാരം സാധ്യമല്ലാത്തത് സാമ്പത്തിക സ്ഥിതിയേയും ഗുരുതരമായി ബാധിക്കുകയാണ്. ആളോഹരി വരുമാനം മന്ദീഭവിച്ചു. പട്ടിണിനിരക്ക് ഉയരുകയാണ്. ഫല്‌സ്തീനിലെ നാലിലൊരാള്‍ ദാരിദ്ര്യരേഖക്ക് താഴെയാണ്. അധിനിവേശ ഗസയില്‍ സഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള വിലക്കും ഗസചീന്തിലെ ഉപരോധവും സമ്പദ് വ്യവസ്ഥയെ ബാധിക്കുകയാണ്.

സാധാരണ അസുഖമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ചികിത്സ തേടാനായി നിരവധി കടമ്പകള്‍ കടക്കേണ്ട അവസ്ഥയാണ്. ഗസയിലാണെങ്കില്‍ ചികിത്സാ സൗകര്യങ്ങള്‍ കുറവാണ്. ചികിത്സക്കായി പെര്‍മിറ്റ് കിട്ടാതെ നരകിക്കുന്നവരുമുണ്ടിവിടെ. പെര്‍മിറ്റ് കാത്തിരുന്ന് പലര്‍ക്കും ജീവന്‍ നഷ്ടമായി. വെസ്റ്റ് ബാങ്കില്‍ നിന്നും ഗസയില്‍ നിന്നും ഇസ്രാഈലില്‍ പോകുന്നവര്‍ക്ക് ചട്ടങ്ങളുടെ നൂലാമാലകള്‍ മൂലം ചികിത്സക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

Content Highlight: The World Bank reports that the restrictions imposed by Israel are worsening the socio-economic situation in Palestine