ബെര്‍ലിന്‍: ആഴ്ച്ചകള്‍ നീണ്ടുനിന്ന ജര്‍മനിയിലെ ഫോഗ്‌സ്‌വാഗണ്‍ തൊഴിലാളികളുടെ സമരത്തില്‍ നിര്‍ണായക വഴിത്തിരിവ്. കമ്പനി മാനേജ്‌മെന്റുമായി നീണ്ടുനിന്ന സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതില്‍ നിന്നും പ്ലാന്റുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും കമ്പനി പിന്മാറി. ട്രേഡ് യൂണിയനും ജര്‍മനിയിലെ ഫോക്‌സ്‌വാഗണ്‍ വര്‍ക്ക്‌സ് കൗണ്‍സലും കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
സമരത്തിനൊടുവില്‍ കമ്പനി മാനേജ്‌മെന്റുമായി ഒപ്പിട്ട കരാറില്‍ തൊഴിലാളികളുടെ ജോലി സംരക്ഷണം, പ്ലാന്റുകളുടെ സംരക്ഷണം. ശമ്പളം വെട്ടിക്കുറയ്ക്കല്‍, കൂട്ടപ്പിരിച്ചുവിടല്‍ എന്നീ വിഷയങ്ങളില്‍ ധാരണയില്‍ എത്തിയതായാണ് സൂചന.
‘ഒരു സൈറ്റും അടച്ചുപൂട്ടില്ല, ആരെയും പിരിച്ചുവിടില്ല, ഞങ്ങളുടെ ഇന്‍ ഹൗസ് കൂട്ടായ്മ കൊണ്ടുവന്ന കരാര്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കും,’ വര്‍ക്ക്‌സ് കൗണ്‍സില്‍ ചെയര്‍ ഡാനിയേല കവല്ലോ പറഞ്ഞു.
കമ്പനിയുടെ ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ച് വിടുമെന്നും ജര്‍മനിയിലെ മൂന്ന് പ്ലാന്റുകള്‍ അടച്ച് പൂട്ടുമെന്നും തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കുമെന്നും അധികൃതര്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്തത്. ചെലവുചുരുക്കലിലൂടെ ഏകദേശം നാല് ബില്യണ്‍ ഡോളര്‍ ലാഭിക്കാനായിരുന്നു കമ്പിയുടെ കണക്കുകൂട്ടല്‍.
എല്ലാ ജീവനക്കാരുടേയും വേതനത്തിന്റെ ഏകദേശം പത്ത് ശതമാനമാനം വെട്ടിക്കുറയ്ക്കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചത്. ഫോക്‌സ്‌വാഗണ് ജര്‍മനിയില്‍ മാത്രം 1,20,000 ജീവനക്കാരാണുള്ളത്.
എന്നാല്‍ കമ്പനി പൂര്‍ണമായും അവരുടെ പുതിയ തീരുമാനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിട്ടില്ല. അതുപ്രകാരം തൊഴിലാളികളുടെ ബോണസുകള്‍ വെട്ടിക്കുറയ്ക്കും, വാഗ്ദാനം ചെയ്ത ചില ശമ്പള വര്‍ധനവുകള്‍ തത്കാലത്തേക്ക് സോളിഡാരിറ്റി ഫണ്ടുകളിലേക്ക് മാറ്റപ്പെടും. ചില പ്ലാന്റുകളുടെ ഉത്പ്പാദന ശേഷി കുറയ്ക്കാനും ചിലതിന്റെ ഉത്പ്പാദനം പൂര്‍ണ്ണമായും പുതിയ മോഡലുകളിലേക്ക് മാറ്റുവാനും ചര്‍ച്ചകളുണ്ട്.
അതേസമയം കമ്പനിക്ക് ഇലക്ട്രിക് മോഡലുകളിലേക്ക് മാറുന്നതില്‍ വന്ന വീഴ്ച്ചയും ചെലവുകള്‍ കൃത്യമായി കൈകാര്യം ചെയ്യാത്തതുമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായതെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തല്‍.
‘ഫോക്‌സ്‌വാഗണെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന കാര്യം ട്രേഡ് യൂണിയനും വര്‍ക്കിങ് കൗണ്‍സിലും തിരിച്ചറിയുന്നുണ്ടെങ്കിലും നിലവിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം മാനേജ്മെന്റിനും സര്‍ക്കാരിനുമാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നത് വിപുലീകരിക്കുന്നതില്‍ ഫോക്‌സ്‌വാഗണിന്റെ നേതൃത്വം കൃത്യസമയത്ത് പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫെഡറല്‍ ഗവണ്‍മെന്റും പരാജയപ്പെട്ടു. ഇതെല്ലാം കമ്പനിയുടെ് പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തി,’ ഒരു പ്രാദേശിക പ്രവര്‍ത്തകനെ ഉദ്ധരിച്ച് പീപ്പിള്‍സ് ഡിസ്പ്പാച്ച് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: The worker’s strike won; Volkswagen avoids plant closures and layoffs in Germany