| Saturday, 1st January 2022, 7:39 am

വര്‍ക്‌സ് കോണ്‍ട്രാക്റ്റ് സേവന നികുതി 18 ശതമാനമാക്കി ഉയര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ എന്റിറ്റികള്‍ എന്നിവയിലുള്‍പ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വര്‍ക്‌സ് കോണ്‍ട്രാക്റ്റ് സേവനങ്ങള്‍ക്കുള്ള ജി.എസ്.ടി നിരക്ക് ഇന്ന് മുതല്‍ 18 ശതമാനമായി ഉയരും.

വര്‍ക്‌സ് കോണ്‍ട്രാക്റ്റ് സേവനങ്ങള്‍ക്കുള്ള പുതിയ നിരക്ക് ഇന്നുമുതല്‍ ഈടാക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നേരിട്ടു നല്‍കുന്ന കരാറുകള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാവില്ല. ഈ വകുപ്പുകള്‍ക്ക് നിലവിലെ 12 ശതമാനം തികുതി നിരക്കില്‍ തുടരാം.

ഭരണഘടന നിര്‍ദേശിച്ച ചുമതലകള്‍ നിറവേറ്റുന്നതിനായി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പൂര്‍ണ സേവനങ്ങള്‍, 25 ശതമാനത്തില്‍ കുറവ് ചരക്കുകള്‍ ഉള്‍പ്പെടുന്ന വര്‍ക്‌സ് കോണ്‍ട്രാക്റ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ ബാധകമായ നികുതി ഒഴിവ് തുടരും.

അതേസമയം, ഇത്തരം സേവനങ്ങള്‍ സര്‍ക്കാര്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ എന്റിറ്റികള്‍ എന്നിവ വഴി ലഭ്യമാക്കുന്നതിലൂടെ അവയ്ക്ക് പുതിയ നിരക്കായ 18 ശതമാനം ജി.എസ്.ടി ബാധകമായിരിക്കും.

ജിഎസ്ടി നിരക്ക് വര്‍ദ്ധനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര വിജ്ഞാപനം 11/2017 സി.ടി (ആര്‍ ), 12/2017 സി.ടി (ആര്‍ ), 15/2021 സി.ടി (ആര്‍ ), 16/2021 സി.ടി (ആര്‍ ) എന്നിവയില്‍ ലഭ്യമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The work class contract service tax has been raised to 18 per cent

We use cookies to give you the best possible experience. Learn more