| Monday, 23rd September 2024, 5:59 pm

ലേബര്‍പാര്‍ട്ടിയുടെ സമ്മേളന പ്രചരണങ്ങളില്‍ വംശഹത്യ, വംശീയവിവേചനം എന്നീ വാക്കുകള്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലേബര്‍പാര്‍ട്ടി സമ്മേളനത്തില്‍ സൈഡ് ഇവന്റിലെ ബ്രോഷറുകളില്‍ വംശഹത്യ, വര്‍ണവിവേചനം എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് ലേബര്‍പാര്‍ട്ടി മാനേജര്‍. കോണ്‍ഫറന്‍സ് ബ്രോഷറില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഫ്രിഞ്ച് ഇവന്റില്‍ വംശഹത്യ, വംശീയവിവേചനം എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ലേബര്‍പാര്‍ട്ടി മാനേജര്‍മാര്‍ വിസമ്മതിച്ചതായി ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പയിന്‍ ഡയറക്ടര്‍ പറഞ്ഞു.

ബ്രോഷറില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ട് രേഖപ്പെടുത്തിയ വംശഹത്യ അവസാനിപ്പിക്കുക, വര്‍ണവിവേചനം അവസാനിപ്പിക്കുക എന്നീ വാക്കുകള്‍ നീക്കം ചെയ്ത് ജസ്റ്റിസ് ഫോര്‍ ഫലസ്തീന്‍ എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ലേബര്‍ എം.പി ബെല്‍ റിബെയ്‌റോ ആഡി പങ്കെടുത്ത പാനല്‍ ഡിസ്‌ക്കഷനിലാണ് വാക്കുകള്‍ മാറ്റിയതായി തീരുമാനമെടുത്തത്.

‘ഫലസ്തീനില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടതായാണ് മനസിലാക്കുന്നത്. എന്നാല്‍ അക്രമം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് പാര്‍ട്ടി പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്,’ ഫലസ്തീന് സോളിഡാരിറ്റി കാമ്പയ്ന്‍ ഡയറക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘എന്നാല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവേചനപരമാണെന്ന് അംഗീകരിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടു. ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശീയ വിവേചനമാണെന്ന ദക്ഷിണാഫ്രിക്കയുടെ വാദത്തെ അവര്‍ അംഗീകരിച്ചില്ല. ഈ വിഷയം ഇപ്പോള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലാണ്. അതേസമയം ലേബര്‍ പാര്‍ട്ടി ഇപ്പോഴും ഇസ്രഈലിനെ ഒരു ജനാധിപത്യ രാഷ്ട്രമായി കണക്കാക്കാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി ഔദ്യോഗിക പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി തടയണമെന്നാവശ്യപ്പെട്ട് 15000ത്തിലധികം ആളുകള്‍ ലിവര്‍പൂളിലേക്ക് മാര്‍ച്ച് നടത്തി.

ലേബര്‍ എം.പി കിം ജോണ്‍സണ്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍, ഇസ്രഈലിനെ പിന്തുണയ്ക്കുന്ന ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകാനും എം.പിയോട് ആവശ്യപ്പെട്ടു.

Content Highlight: the words genocide and apartheid are banned from labours conference programmes

We use cookies to give you the best possible experience. Learn more