|

ഫെഫ്ക്കക്കെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ത്രീപക്ഷ കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അച്ചടക്ക നടപടിയുടെ ഭാഗമായി ഫെഫ്കയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി സ്ത്രീപക്ഷ കൂട്ടായ്മ. സമരം ചെയ്യുന്ന സിനിമ തൊഴിലാളികളോട് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി സ്ത്രീപക്ഷ കൂട്ടായ്മ സംയുക്ത പ്രസ്താവനയിറക്കിയതായി ഫേസ്ബുക്കില്‍ കുറിച്ചു.

കുറ്റാരോപിതര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അവസരങ്ങള്‍ക്ക് മുന്‍ കൈയെടുക്കുന്ന യൂണിയന്‍ അതിജീവിതമാര്‍ക്ക് തൊഴില്‍ എന്നത്തേക്കുമായി നിഷേധിക്കുന്നുവെന്നും ഈ നീതി നിഷേധം അവസാനിപ്പിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങളുന്നയിച്ചാണ് ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളുടെയും യൂണിയനിലെ മൂന്ന് സ്ത്രീകള്‍ യൂണിയന്‍ ഓഫീസിന് മുമ്പില്‍ ഇന്ന് നിരാഹാരം ആരംഭിച്ചിരിക്കുന്നതെന്നും സ്ത്രീപക്ഷ കൂട്ടായ്മ അറിയിച്ചു.

ഗവണ്‍മെന്റിന്റെ അടിയന്തിര ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ടെന്നും വന്‍തുക സംഭാവന വാങ്ങിച്ച ശേഷം മാത്രം മെമ്പര്‍ഷിപ്പ് നല്‍കുന്ന യൂണിയനുകള്‍ സ്ത്രീ സുരക്ഷയെങ്കിലും ഉറപ്പ് വരുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

തൊഴില്‍ ചെയ്യാനുള്ള ഈ സ്ത്രീകളുടെ അവസരം നിഷേധിക്കരുതെന്നും കുറ്റാരോപിതരെ മാറ്റി നിര്‍ത്തി യൂണിയന്‍ സ്ത്രീ സൗഹാര്‍ദപരമാക്കണമെന്നും പ്രതിഷേധവുമായി രംഗത്തെത്തിയ അംഗങ്ങള്‍ ഉന്നയിച്ച പ്രശ്‌നം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റും യൂണിയനും മുന്‍കൈ എടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

ഹേമ കമ്മറ്റി റിപ്പോട്ട് പുറത്തുവന്നശേഷം ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളുടെയും യൂണിയനിലെ അംഗങ്ങളായ ചില സ്ത്രീകള്‍ സിനിമാ തൊഴിലിടത്ത് തങ്ങള്‍ അനുഭവിക്കുന്ന തൊഴില്‍ വിവേചനവും, പുരുഷ സഹപ്രവര്‍ത്തകരില്‍ നിന്ന് അവര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമവുമെല്ലാം യൂണിയനു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് അന്യായമായ പെരുമാറ്റമുണ്ടായതായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നു പറഞ്ഞിരുന്നു.

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിശോധിക്കാനോ പരിഹരിക്കനോ ശ്രമിക്കാതെ യൂണിയന്‍ (എ.കെ.സി.എ.എച്ച്) ഇവരെ പിരിച്ചു വിടാന്‍ നോട്ടീസ് നല്‍കുകയാണുണ്ടായതെന്നും തുടര്‍ന്ന് ഒരാളെ പുറത്താക്കുകയും ചെയ്തുവെന്നും സ്ത്രീപക്ഷ കൂട്ടായ്മ പറഞ്ഞു.

‘സ്ത്രീകള്‍ക്കു നേരെ തെറ്റ് ചെയ്യുന്നവര്‍ക്കെതിരെയും കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളെയും യൂണിയന്‍ അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ‘പ്ലാന്‍ ഓഫ് ആക്ഷന്‍ ‘ ഫെഫ്ക ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം പുറത്തിറക്കിയിരുന്നു. അതിപ്പോള്‍ ലോക്കറില്‍ വെച്ച് പൂട്ടിയോ എന്നാണ് ഈ സ്ത്രീകള്‍ ചോദിക്കുന്നത്. വലിയ തുക വാങ്ങിയാണ് യൂണിയന്‍ മെമ്പര്‍ഷിപ്പ് നല്‍കുന്നത്. ഈ യൂണിയനില്‍ അതിപ്പോള്‍ രണ്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. ഫെഫ്കയിലെ ഉന്നത നേതാക്കന്‍മാര്‍ക്ക് ഈ വിഷയങ്ങള്‍ ഉന്നയിച്ച് ഇവരില്‍ ചിലര്‍ പരാതി നല്‍കിയെങ്കിലും മറുപടി ഒന്നും ഇതു വരെ നല്‍കിയിട്ടില്ല,’ സ്ത്രീപക്ഷ കൂട്ടായ്മ പറഞ്ഞു.

അജിത.കെ, ഏലിയാമ്മ വിജയന്‍, സോണിയ ജോര്‍ജ്, ഗാര്‍ഗി ഹരിതകം, രേഖ രാജ്, സരിത മോഹനന്‍ ഭാമ, സരിത എസ് ബാലന്‍, സി.എസ്. ചന്ദ്രിക, ബിനിത തമ്പി, മേഴ്സി അലക്‌സാണ്ടര്‍, രജിത സഖി, സീറ്റ ദാസന്‍, സാന്ദ്ര തോമസ്, സോയ തോമസ്, വി.പി. സുഹറ, കുസുമം ജോസഫ്, ഡോ. ജയശ്രീ എ. കെ
ഐറിസ്, സുല്‍ഫത് എം സുലു, ശ്രീജ. പി, വസന്ത. പി, അനിത വി.ആര്‍, സ്വപ്‌ന.പി, നിഷ്വ ഷെറിന്‍
സ്മിത.കെ. ബി എന്നിവരാണ് സ്ത്രീപക്ഷ കൂട്ടായ്മയിലൂടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

സിനിമാ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, നീതി നടപ്പാക്കുക, സ്ത്രീകള്‍ക്ക് തൊഴില്‍ വേര്‍ത്തിരിവില്ലാതെ തൊഴിലും സുരക്ഷിതത്വവും ഉറപ്പുവരുത്തുക, തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്ത പൈസയുടെ കണക്ക് പുറത്തുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൂവരും പ്രതിഷേധം നടത്തുന്നത്.

ഫെഫ്കയിലെ പെണ്ണുപിടിയന്മാര്‍ക്ക് കൂട്ടുനില്‍ക്കുന്ന അധികാര പദവിയില്‍ ഇരിക്കുന്ന തൊഴിലാളി വഞ്ചകന്മാരായ ബി. ഉണ്ണികൃഷ്ണന്‍, പ്രദീപ് രംഗന്‍ എന്നിവര്‍ പുറത്തുപോകണമെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ കേസിലെ ക്രിമിനലുകളെ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

Content Highlight: The women’s union expressed solidarity with those protesting against FEFCA

Latest Stories