| Tuesday, 8th December 2009, 2:19 pm

ചലച്ചിത്രമേള: 'അവള്‍ വെള്ളിത്തിരയില്‍ 'പ്രത്യേക പ്രദര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ ശക്തരായ സ്ത്രീ സാന്നിധ്യങ്ങളെക്കുറിച്ച് പ്രത്യേക പ്രദര്‍ശനം ഒരുക്കും. “അവള്‍ വെള്ളിത്തിരയില്‍ ” (The Women in Malayalam Cinema) എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം കനകക്കുന്ന് കൊട്ടാരത്തില്‍ ഡിസംബര്‍ 12ന് ശര്‍മ്മിള ടാഗോര്‍ ഉദ്ഘാടനം ചെയ്യും.
കേരളീയ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മലയാള സിനിമയില്‍ എങ്ങനെയെല്ലാം പ്രതിഫലിച്ചുവെന്നും സിനിമയിലെ സ്ത്രീ പദവിയില്‍ അത് എന്തെല്ലാം പരിണാമങ്ങള്‍ സൃഷ്ടിച്ചുവെന്നും വ്യക്തമാക്കുന്ന പ്രദര്‍ശനം ചലച്ചിത്ര മേളയില്‍ പുതിയ അനുഭവമാകും.
മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരനിലെ നായിക റോസിയില്‍ തുടങ്ങി അന്‍പതുകളിലെ ചരിത്രപ്രധാന വേഷങ്ങളണിഞ്ഞ പട്ടമ്മാള്‍ , ദേവകിഭായ് എന്നിവരിലൂടെ പുരോഗമിക്കുന്ന പ്രദര്‍ശനം ക്യാമറക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച അഞ്ഞൂറോളം വനിതകളുടെ ചിത്രങ്ങളും അവരുടെ തെരഞ്ഞെടുത്ത സിനിമകളില്‍ നിന്നുള്ള രംഗങ്ങളും പ്രദര്‍ശിപ്പിക്കും. ഉദ്ഘാടനച്ചടങ്ങില്‍ കെ പി എ സി ലളിത, ഭാഗ്യലക്ഷ്മി, ദീദി ദാമോദരന്‍ പങ്കെടുക്കും.

ചലച്ചിത്രമേളയില്‍ “ഹോമേജ”് വിഭാഗത്തില്‍ പഴയ മലയാള ചിത്രമായ മുറപ്പെണ്ണ്, മണിമുഴക്കം, കടല്‍പ്പാലം എന്നിവ പ്രദര്‍ശിപ്പിക്കും. മലയാള ചലച്ചിത്രമേഖലക്ക് നഷ്ടപ്പെട്ട പ്രതിഭകളെ സ്മരിക്കുന്നതിന് ഏര്‍പ്പെടുത്തിയതാണ് ഹോമേജ് വിഭാഗം.
പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളിക്ക് മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച നെയ്ത്തുകാരന്‍, കമലാ സുരയ്യയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന നോവലിനെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മഴ, രാജന്‍ പി ദേവിനെ കേന്ദ്ര കഥാപാത്രമാക്കി ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും, ശോഭനാ പരമേശ്വരന്‍ നിര്‍മ്മിച്ച മുറപ്പെണ്ണ്, കെ പി തോമസും ബക്കറും സംവിധാനം ചെയ്ത മണിമുഴക്കം, സേതുമാധവന്‍ സംവിധാനം ചെയ്ത് അടൂര്‍ ഭവാനി അഭിനയിച്ച കടല്‍പ്പാലം തുടങ്ങിയവയാണ് ഹോമേജ് വിഭാഗത്തിലെ മറ്റ് ചിത്രങ്ങള്‍.

We use cookies to give you the best possible experience. Learn more