കൊച്ചി: സ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ പിന്‍വലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്. ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് പോകുന്ന കോമിക് ചിത്രമാണ് കേരള സര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് പിന്‍വലിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ ചിത്രം വ്യാപക വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് പോസ്റ്റര്‍ പിന്‍വലിച്ചത്. പോസ്റ്റിലെ പിഴവ് മനോരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. സി.ജെ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ, വ്യാപക പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിനുപിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
സിനിമയിലെ ഹിറ്റ് ഡയലോഗായ ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’യെന്ന വാചകവും പോസ്റ്ററില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയിലെ രംഗണ്ണനും അമ്പാനും കുട്ടികള്‍ മാതൃകയാക്കേണ്ടവരല്ലെന്നും, കുടിയും വലിയും സാമാന്യവത്കരിക്കുന്ന ഇത്തരം മാതൃകകള്‍ അനാരോഗ്യകരമാണെന്നുമായിരുന്നു ഡോ. സി.ജെ. ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആകര്‍ഷണീയത മാത്രം മുന്‍നിര്‍ത്തി ഇങ്ങനെയൊരു പോസ്റ്റര്‍ പങ്കു വെക്കരുതെന്നും സി.ജെ ജോണ്‍ പറഞ്ഞു. മാതാപിതാക്കളുടെയും കുട്ടികളുടെയും മനസിലേക്ക് ഉപദേശകരുടെ കുപ്പായം നല്‍കി ഈ കഥാപാത്രങ്ങളെ ഇറക്കി വിട്ടവര്‍ ഈ സിനിമ ഒന്ന് കൂടി കാണണമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.
നിര്‍ദോഷമെന്നു തോന്നുന്ന ഇത്തരം ചെയ്തികള്‍ സോഷ്യല്‍ ലേര്‍ണിങ് തിയറി പ്രകാരം കുട്ടികളില്‍ ഉണ്ടാക്കാനിടയുള്ള അപകടങ്ങള്‍ വളരെ വലുതാണെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എതിര്‍പ്പിനെ തുടര്‍ന്ന് പഴയ പോസ്റ്റര്‍ പിന്‍വലിച്ച് പുതിയ പോസ്റ്റര്‍ ശിശുക്ഷേമവകുപ്പ് പുറത്തിറക്കി. പോസ്റ്ററിലെ തെറ്റ് ചൂണ്ടിക്കാട്ടി പോസ്റ്റ് ഉടന്‍ തന്നെ വനിതാ ശിശുക്ഷേമ വകുപ്പ് തിരുത്തിയത് വളരെ നല്ല നടപടിയാണെന്നും ഡോ. സി.ജെ. ജോണ്‍ പോസ്റ്റ് ചെയ്തു.
Content Highlight: The women and child welfare department withdraw the poster