| Wednesday, 13th December 2023, 2:52 pm

'പാസ് നല്‍കിയത് ബി.ജെ.പി എം.പി'; തൊഴിലില്ലായ്മയും കാര്‍ഷിക പ്രശ്‌നങ്ങളും തുറന്നുകാണിക്കാനായിരുന്നു പ്രതിഷേധമെന്ന് അറസ്റ്റിലായ യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ക്ക് പാര്‍ലമെന്റ് സന്ദര്‍ശനത്തിനായി പാസ് നല്‍കിയത് ബി.ജെ.പി എം.പി. കസ്റ്റഡിയിലെടുത്ത ഒരാളുടെ കയ്യില്‍ കുടക് മണ്ഡലം ബി.ജെ.പി എം.പി പ്രതാപ് സിംഹ ഒപ്പിട്ട് നല്‍കിയ പാസ് ഉള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാരുടെ പക്കല്‍ നിന്ന് ലഭിച്ച സിംഹയുടെ പാസ് ലോക്‌സഭാ എം.പി ഡാനിഷ് അലി ഫോട്ടോയെടുക്കുകയും അവ പിന്നീട് മാധ്യമങ്ങളെ കാണിക്കുകയുമായിരുന്നു.

തങ്ങളുടെ പ്രതിഷേധം രാജ്യത്തെ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും, അവ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തുറന്നുകാണിക്കാന്‍ വേണ്ടി ഉദ്ദേശിച്ചുള്ളതാണെന്നും പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പേരില്‍ ഒരാളായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. നാല് പേർക്കും ഒരു സംഘടനയായും ബന്ധമില്ലെന്നും യുവതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ട് പേര്‍ താഴെ എം.പിമാര്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തുമായി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യം അനുവദിക്കില്ലെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി. ഭാരത് മാതാ കീ ജയ്, വന്ദേ ഭാരതം, ജയ് ഭീം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുകയുണ്ടായി.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സുരക്ഷാ വിന്യാസം കൂട്ടി. പുക ഉയര്‍ന്ന ഉടന്‍ തന്നെ ഒരു ശബ്ദവും കേട്ടുവെന്നും കണ്ണിനൊക്കെ അസ്വസ്ഥതകള്‍ ഉണ്ടായെന്നും എം.പിമാര്‍ പറഞ്ഞു.

ഭീകരമായ രീതിയിലുള്ള സംഭവ വികാസങ്ങളാണ് സഭയിലുണ്ടായിരുന്നത് എന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രതികരിച്ചത്. പുക വമിച്ചതോടെ അംഗങ്ങള്‍ ഇറങ്ങിയോടിയെന്നും ഇത്തരം വസ്തുക്കളുമായി എങ്ങനെയാണ് അകത്ത് കയറിയതെന്നും അദ്ദേഹം ചോദിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് സുരക്ഷാ വീഴ്ച.

Content Highlight: The woman who was arrested said that the protest in Parliament was to expose unemployment and farmers problems

 
We use cookies to give you the best possible experience. Learn more