| Tuesday, 26th November 2024, 12:51 pm

തന്നെ മർദിച്ചു; രാഹുലിനെതിരെ പരാതി നൽകി പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ പരാതി നൽകി യുവതി.

പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശിനിയെ ഭർതൃവീട്ടിൽ നിന്ന് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാഹുൽ മർദിച്ചുവെന്ന് യുവതി പൊലീസിനോട്‌ പറഞ്ഞു. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി നൽകിയത്. നിലവിൽ രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം, മദ്യപിച്ചു ബഹളം ഉണ്ടാക്കിയ കേസിലാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ പുലർച്ചെ പാലാഴി ഭാഗത്ത് പ്രശ്നം ഉണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, മർദനത്തിൽ പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു.

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതി പൊലീസെത്തിയപ്പോഴാണ് പരാതിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ പരാതിയുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി യുവതിയുടെ അച്ഛൻ മുന്നോട്ടെത്തിയിരുന്നു.

പന്തീരങ്കാവ്‌ ഗാർഹിക പീഡനക്കേസ്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തനിക്ക്‌ പരാതിയില്ലെന്നും ഭർത്താവ്‌ രാഹുലിനോടൊപ്പമാണ്‌ ജീവിക്കാൻ താത്‌പര്യമെന്നും പറഞ്ഞ്‌ യുവതി നൽകിയ സത്യവാങ്മൂലത്തെ തുടർന്നാണ്‌ കോടതി കേസ്‌ റദ്ദാക്കിയത്‌.

കേസിലെ പ്രതിയായിരുന്ന രാഹുൽ ​ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രം​ഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അറിയിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി രാഹുൽ ​ഗോപാലിനെതിരായ എഫ്.ഐ.ആർ റദ്ദാക്കിയത്.

മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തിൽ രാഹുൽ പി ഗോപാലും (29) വിവാഹിതരായത്. വിവാഹത്തിനു ശേഷം യുവതി രാഹുലിന്റെ വീട്ടിൽ കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നതായാണ്‌ പൊലീസിൽ പരാതി നൽകിയിരുന്നത്‌.

യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോൾ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കാണുകയും തുടർന്ന്‌ അന്വേഷിച്ചപ്പോൾ പീഡനവിവരം യുവതി ബന്ധുക്കളോട് പറയുകയുമായിരുന്നു.

Content Highlight: The woman in the Pantirangavu domestic violence case filed a complaint against her husband Rahul

We use cookies to give you the best possible experience. Learn more