കണ്ണൂര്‍: അത് ഓമനയല്ല. മലേഷ്യയില്‍ മരിച്ച മലയാളി സ്ത്രീ കൊലപാതക കേസില്‍ പ്രതിയായ ഓമനയല്ലെന്ന് പൊലീസ്. മലേഷ്യയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ച യുവതി ഊട്ടിയില്‍ വച്ച് കാമുകനെ വെട്ടി നുറുക്കി പെട്ടിയിലാക്കിയ കേസിലെ പ്രതിയായ ഓമനയാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മരിച്ചത് ഓമനയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
മലേഷ്യയിലെ സുബാങ് ജായ സേലങ്കോര്‍ എന്ന സ്ഥലത്തു കെട്ടിടത്തില്‍ നിന്നു വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം അവിടത്തെ ഇന്ത്യന്‍ ഹൈകമ്മിഷന്‍ കേരളത്തിലെ പത്രങ്ങളില്‍ കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംശയം തോന്നിയ ചിലരാണു മരിച്ചത് ഡോ. ഓമനയാണെന്നു സംശയം പ്രകടിപ്പിച്ചത്.
1996ലാണു കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഡോ. ഓമന അറസ്റ്റിലായത്. പയ്യന്നൂര്‍ സ്വദേശിയായ കോണ്‍ട്രാക്ടര്‍ മുരളീധരനെ ഊട്ടിയിലെ ഹോട്ടല്‍ മുറിയില്‍ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ശേഷം ചെറിയ കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ കുത്തിനിറച്ചു ടാക്‌സിയില്‍ കൊണ്ടു പോവുകയായിരുന്നു ഓമന. എന്നാല്‍ യാത്രക്കിടെ ഡ്രൈവര്‍ക്കു സംശയം തോന്നുകയും അയാള്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. കേസില്‍ അകത്തായിരുന്ന ഓമന 2001ല്‍ ജാമ്യത്തിലിറങ്ങി മുങ്ങി വ്യാജ പാസ്‌പോര്‍ട്ടില്‍ മലേഷ്യയിലേക്കു കടന്നതായായിരുന്നു കരുതിയിരുന്നത്.
തുടര്‍ന്ന് പൊലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ഇതോടെ ഓമന എവിടെ എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി മാറിയിരിക്കുകയാണ്.