പരിഭാഷ: അന്ന കീര്‍ത്തി ജോര്‍ജ്
ദി വയറും മറ്റു 16 മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും നിയമ വിദഗ്ധരും വ്യവസായികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശാസ്ത്രഞ്ജരും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കം ഇന്ത്യയിലെ പ്രമുഖരായ 300 പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിരിക്കുകയാണ്.
ഇസ്രഈലി സര്‍വൈലന്‍സ് സാങ്കേതികവിദ്യാരംഗത്തെ കമ്പനിയുടെ ക്ലൈന്റുകളായ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിന് ഫോണ്‍ നമ്പറുകളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡാറ്റബേസ് ചോര്‍ന്നതിനെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 300 നമ്പറുകളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
ഈ ഡാറ്റബേസില്‍ ഉള്‍പ്പെട്ട നമ്പര്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഇതുവരെ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ 37 ഫോണുകളില്‍ പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ കടന്നുകൂടിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ പത്ത് എണ്ണം ഇന്ത്യന്‍ നമ്പറുകളാണ്. ഫോണുകളെ ടെക്നിക്കല്‍ പരിശോധനക്ക് വിധേയമാക്കാതെ പെഗാസസ് ഇവയില്‍ കടത്തിവിടാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നോ ആ ചാര സോഫ്റ്റ് വെയര്‍ അതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല.
ഇസ്രഈലി കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പാണ് പെഗാസസിന്റെ നിര്‍മ്മാതാക്കാള്‍. അംഗീകൃത സര്‍ക്കാരുകളുമായി മാത്രമേ തങ്ങള്‍ ഈ ചാര സോഫ്റ്റ്‌വെയര്‍ വില്‍പന നടത്താറുള്ളൂവെന്ന് എന്‍.എസ്.ഒ. പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ 36 സര്‍ക്കാരുകളുമായി എന്‍.എസ്.ഒയ്ക്ക് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.
തങ്ങളുടെ ഉപഭോക്താക്കള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്താന്‍ എന്‍.എസ്.ഒ. ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, അംഗീകൃത സര്‍ക്കാരുകളുമായി മാത്രമേ വ്യാപാരം നടത്താറുള്ളുവെന്ന കമ്പനിയുടെ പ്രസ്താവന ഇന്ത്യയിലെയോ വിദേശത്തെയോ ഏതെങ്കിലും സ്വകാര്യ സ്ഥാപനമായിരിക്കാം ഈ ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്ന സാധ്യതകളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്.
ദി വയറും മറ്റു മാധ്യമങ്ങളും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഫോണ്‍ചോര്‍ത്തലിന് പിന്നില്‍ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ അല്ല എന്ന് ഈ ഒരു പ്രസ്താവനയോടെ വ്യക്തമായിരിക്കുകയാണ്.
പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ ഫോര്‍ബിഡണ്‍ സ്റ്റോറീസും ആംനസ്റ്റി ഇന്റര്‍നാഷണലുമാണ് ഡാറ്റബേസ് കണ്ടെത്തുന്നത്. തുടര്‍ന്ന് ദ വയര്‍, ലേ മോന്‍ഡേ, ദ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ഡി സെയ്റ്റ്, സുദാച്യുചേ സെറ്റങ്ങ് തുടങ്ങിയ മാധ്യമങ്ങളുമായും മെക്സിക്കന്‍, അറബ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് മാധ്യമസ്ഥാപനങ്ങളുമായും ഈ വിവരങ്ങള്‍ പങ്കുവെച്ചു. ഈ എല്ലാ മാധ്യമസ്ഥാപനങ്ങളും ചേര്‍ന്നാണ് പെഗാസസ് പ്രോജക്ട് എന്ന പേരില്‍ സംഭവത്തില്‍ അന്വേഷണം നടത്തിയത്.
എന്‍.എസ്.ഒയുടെ ഉപഭോക്താക്കള്‍ ടാര്‍ഗറ്റ് ചെയ്ത ഫോണ്‍ നമ്പറുകളാണ് ഡാറ്റാ ബേസിലുള്ളതെന്നാണ് ഫോര്‍ബിഡണ്‍ സ്റ്റോറീസ് പറയുന്നത്. ഈ പ്രസ്താവനയെ പൂര്‍ണ്ണമായും നിഷേധിച്ച എന്‍.എസ്.ഒ. പക്ഷെ, തങ്ങളുടെ ഉപഭോക്താക്കള്‍ ഈ ഫോണ്‍ നമ്പറുകള്‍ ‘മറ്റു ആവശ്യങ്ങള്‍ക്കായി’ ഉപയോഗിച്ചിരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ഡാറ്റ ബേസിലുള്ള ഫോണ്‍ നമ്പറുകളില്‍ ഭൂരിഭാഗവും പ്രധാനമായും 10 രാജ്യങ്ങളില്‍ നിന്നുള്ളതാണ്. ഇന്ത്യ, അസര്‍ബൈജാന്‍, ബഹ്റൈന്‍, ഹംഗറി, കസാഖിസ്ഥാന്‍, മെക്സികോ, മൊറോക്കോ, റുവാണ്ട, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ് ഈ രാജ്യങ്ങള്‍. പെഗാസസ് പ്രവര്‍ത്തിക്കുന്ന പ്രധാന മേഖലകളാണിവ.
2019ല്‍ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഡിജിറ്റല്‍ സര്‍വൈലന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സിറ്റിസണ്‍ ലാബ് പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഈ പത്ത് രാജ്യങ്ങളുമുണ്ടായിരുന്നു. എന്‍.എസ്.ഒയ്ക്കെതിരെ വാട്സ്ആപ്പ് നിയമനടപടികള്‍ സ്വീകരിക്കാന്‍ കാരണമായത് ഈ റിപ്പോര്‍ട്ടായിരുന്നു.
2017 മുതല്‍ 2019 പകുതി വരെ വിവരങ്ങള്‍ ചോര്‍ത്തിയ ഫോണ്‍ നമ്പറുകളാണ് ഡാറ്റ ബേസിലുള്ളത്. ഈ നമ്പറുകള്‍ ആരുടേതാണെന്ന് കണ്ടെത്തി, ഡാറ്റബേസില്‍ പറയുന്ന വര്‍ഷങ്ങളില്‍ നമ്പറുകള്‍ ഉപയോഗത്തിലുണ്ടായിരുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി ചെയ്തത്. ഫോര്‍ബിഡണ്‍ സ്റ്റോറീസിന്റെ നേതൃത്വത്തില്‍ 80 മാധ്യമപ്രവര്‍ത്തകര്‍ ആംനസ്റ്റി ഇന്റര്‍നാഷണലുമായി ചേര്‍ന്ന് ഈ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചു.
ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിലും ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ആക്ടിലും നിയമവിധേയമായി ഇന്റര്‍സെപ്ഷന്‍ നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ രാജ്യത്തും ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ ഐ.ടി. ആക്ട് പ്രകാരം ഏതെങ്കിലും വ്യക്തി ഔദ്യോഗികമായോ സ്വകാര്യമായോ സര്‍വൈലന്‍സ് നടത്താന്‍ വേണ്ടി ഹാക്കിംഗിലൂടെ ചാര സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കുറ്റകൃത്യമാണ്.
ഇതുവരെ കണ്ടെത്താനായ പെഗാസസ് ടാര്‍ഗറ്റ് ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രോജക്ടിന്റെ ഭാഗമായ മറ്റു മാധ്യമസ്ഥാപനങ്ങളോടൊപ്പം ദ വയര്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
ഈ പട്ടികയില്‍ 40 മാധ്യമപ്രവര്‍ത്തകരും മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കളും ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരിയും നരേന്ദ്ര മോദി സര്‍ക്കാരിലെ നിലവിലെ രണ്ട് മന്ത്രിമാരും സുരക്ഷാ ഏജന്‍സികളുടെ നിലവിലെയും മുന്‍പത്തെയും തലവന്മാരും നിരവധി വ്യവസായികളും ഉള്‍പ്പെട്ടിട്ടുണ്ട്.
പുറത്തുവന്ന ഡാറ്റ ബേസിലുള്ള ഒരു നമ്പര്‍ സര്‍വൈലന്‍സിന് വേണ്ടി ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് മനസ്സിലാക്കാമെങ്കിലും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോയെന്നോ അതില്‍ പെഗാസസ് പ്രവര്‍ത്തിച്ചിരുന്നുവെന്നോ വ്യക്തമാക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന ആവശ്യമാണ്. ഐഫോണുകളിലാണ് പെഗാസസിന് ഏറ്റവും എളുപ്പത്തില്‍ കടന്നുകയറാനും പ്രവര്‍ത്തിക്കാനും സാധിക്കുന്നത്.
പെഗാസസ് പ്രോജക്ടില്‍ ഉള്‍പ്പെട്ട ഒരു നമ്പര്‍ നിലവിലെ ഒരു സുപ്രീം കോടതി ജഡ്ജിയുടേതാണ്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് മുന്‍പ് അദ്ദേഹം ഉപേക്ഷിച്ച ഈ നമ്പര്‍, വാട്സ്ആപ്പിനോ മറ്റു എന്‍ക്രിപ്റ്റഡ് മേസേജ് സര്‍വീസ് ആപ്പുകള്‍ക്കോ വേണ്ടി ഉപയോഗിക്കുന്നുണ്ടോയെന്നുള്ളത് ദി വയറിന് സ്ഥിരീകരിക്കാനായിട്ടില്ല. 2017 മുതല്‍ 2019 വരെയുള്ള സമയത്ത് ആരായിരുന്നു ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത് എന്ന് സ്ഥിരീകരിക്കുന്നത് വരെ ഈ ജഡ്ജിയുടെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.
ലോകത്തിലെ 13 സര്‍ക്കാരുകളുടെയോ സര്‍ക്കാനെ നയിക്കുന്നവരുടെയോ വിവരങ്ങളൊഴികെ, പെഗാസസ് പ്രോജക്ട് ഡാറ്റബേസില്‍ കണ്ടെത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുന്നതിനുള്ള ഏജന്‍സികള്‍, രാജ്യങ്ങള്‍ തമ്മിലുള്ള ചാരപ്രവര്‍ത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട പേരുവിവരങ്ങള്‍ ദി വയറോ മറ്റു മാധ്യമസ്ഥാപനങ്ങളോ പുറത്തുവിടുന്നതല്ല.
സ്വകാര്യത അവകാശങ്ങളോട് പ്രതിഞ്ജാബദ്ധരാണെന്ന പ്രതികരണവുമായി ഇന്ത്യന്‍ സര്‍ക്കാര്‍
പെഗാസസ് പ്രോജക്ടില്‍ കണ്ടെത്തിയ വിവരങ്ങളോടുള്ള പ്രതികരണം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിശദമായ ചോദ്യക്കുറിപ്പ് മാധ്യമങ്ങള്‍ അയച്ചിരുന്നു. ഇതിനു മറുപടിയായി, ‘ഇന്ത്യ ശക്തമായ ജനാധ്യപത്യ വ്യവസ്ഥയുള്ള രാജ്യമാണ്. രാജ്യത്തെ പൗരന്മാരുടെ മൗലീകവകാശമായ സ്വകാര്യതക്കുള്ള അവകാശം സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’ എന്നും ‘ചില പ്രത്യേക വ്യക്തികള്‍ക്ക് മേല്‍ സര്‍ക്കാര്‍ സര്‍വൈലന്‍സ് നടത്തി എന്നതിന് വ്യക്തമായ തെളിവുകളില്ല,’ എന്നുമാണ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്.
സര്‍ക്കാര്‍ പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന് ഈ പ്രതികരണത്തിലെവിടെയും പറഞ്ഞിട്ടില്ല. പകരം, ‘ഇന്റര്‍സെപ്ഷന്‍, മോണിറ്ററിംഗ്, ഡീക്രിപ്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ഓരോ കേസും നടക്കുന്നത് അതിന് ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ അനുമതിയോടെയായിരിക്കും… ഈ പ്രക്രിയയിലൂടെ ഒരു കമ്പ്യൂട്ടര്‍ റിസോഴ്സ് ഉപയോഗിച്ചുകൊണ്ട് വിവരങ്ങളെ ഇന്റര്‍സെപ്ഷന്‍, മോണിറ്ററിംഗ്, ഡീക്രിപ്ഷന്‍ എന്നിവ ചെയ്യുന്നത് നിയമവിധേയമായി മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ സാധിക്കും,’ എന്നാണ് പറഞ്ഞിരിക്കുന്നത്.
സമയാസമയങ്ങളില്‍ ലഭിക്കുന്ന രേഖാമൂലമുള്ള അനുവാദത്തിന് പുറമെ നിയമവിധേയമായി ഇന്റര്‍സെപ്ഷന്‍ നടത്താന്‍ ടെലികോം/കമ്പ്യൂട്ടര്‍ റിസോഴ്സ് ഉപയോഗിക്കണമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്. ഐ.ടി. ആക്ടിന്റെ 43ാം വകുപ്പ് പ്രകാരം ഇന്റര്‍സെപ്ഷനുവേണ്ടി ഹാക്കിംഗ് ഉപയോഗിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്.
പെഗാസസിനെ പോലെയുള്ള ചാര സോഫ്റ്റ്‌വെയറുകള്‍ക്ക് ആരെയെങ്കിലും സര്‍വൈലന്‍സിന് വിധേയമാക്കണമെങ്കില്‍ ഹാക്കിംഗ് നടത്തുകയെന്നത് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.
ഡാറ്റാ ബേസ് ‘ഒരുപക്ഷെ’ തങ്ങളുടെ ഉപഭോക്താക്കളോട് ബന്ധപ്പെട്ടതായിരിക്കാമെന്ന് എന്‍.എസ്.ഒ.
ഡാറ്റബേസിലെ നമ്പറുകള്‍ പെഗാസസ് ഉപയോഗിച്ച് സര്‍ക്കാരുകള്‍ ടാര്‍ഗറ്റ് ചെയ്തവരുടേതല്ലെന്നാണ് എന്‍.എസ്.ഒ. ആവര്‍ത്തിക്കുന്നത്. എന്നാല്‍, ദി വയറിനും പെഗാസസ് പ്രോജക്ടിലെ മറ്റു മാധ്യമസ്ഥാപനങ്ങള്‍ക്കും എന്‍.എസ്.ഒയുടെ അഭിഭാഷകര്‍ നല്‍കിയ മറുപടിയില്‍ പറയുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡാറ്റബേസിലെ നമ്പറുകള്‍ എന്‍.എസ്.ഒ. ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാമെന്ന സാധ്യതയെ വിശ്വസിക്കാന്‍ തക്ക ചില കാരണങ്ങളുണ്ടെന്നാണ് ഈ മറുപടിയില്‍ പറഞ്ഞിരുന്നത്. എന്താണ് ഈ മറ്റു കാര്യങ്ങള്‍ എന്ന് ചോദിച്ചതോടെ കമ്പനി ഈ നിലപാടില്‍ നിന്നും മാറുകയായിരുന്നു.
ഈ ഡാറ്റാ ബേസിലെ നമ്പറുകള്‍ എല്ലാവര്‍ക്കും ലഭ്യമായ, എച്ച്.എല്‍.ആര്‍. ലുക്ക്അപ് പോലെയുള്ള സര്‍വീസുകളിലേതു പോലുള്ള പരസ്യമായ വിവരങ്ങളാണെന്നും പെഗാസസിന്റെയോ മറ്റു എന്‍.എസ്.ഒ. പ്രൊഡക്ടുകളുടെയോ ഉപയോക്താക്കളുമായി ഇതിന് ബന്ധമില്ലെന്നുമായി പിന്നീടുള്ള കമ്പനിയുടെ മറുപടികള്‍.
നിങ്ങള്‍ അന്വേഷിക്കുന്ന ഫോണ്‍ നമ്പര്‍ ഒരു നെറ്റ് വര്‍ക്കിലുണ്ടോയെന്ന അറിയുന്നതിന് വേണ്ടിയാണ് എച്ച്.എല്‍.ആര്‍. ലുക്ക്അപ്പ് സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.
എന്‍.എസ്.ഒ. പറയുന്നത് പോലെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡാറ്റാ ബേസ് എച്ച്.എല്‍.ആര്‍. സര്‍വീസിന്റെ ഔട്ട്പുട്ട് ആണെങ്കില്‍, നേരത്തെ പെഗാസസ് പ്രവര്‍ത്തിക്കുന്ന മേഖലകളെന്ന് അറിയപ്പെടുന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രണ്ട് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്- ഒരേ സര്‍വീസ് പ്രൊവൈഡറാണോ ഈ ഡാറ്റയെല്ലാം ജനറേറ്റ് ചെയ്തിരിക്കുന്നത്? പൊതുവായ ഏതെങ്കിലും ആവശ്യത്തിന് വേണ്ടിയാണോ ഈ നമ്പറുകളെല്ലാം ശേഖരിച്ച് ഒരു ഇടത്തില്‍ സൂക്ഷിച്ചിരിക്കുന്നത്?
ടെലിമാര്‍ക്കറ്റില്‍ വാണിജ്യപരമായി വലിയ സ്ഥാനമുള്ള എച്ച്.എല്‍.ആര്‍. ലുക്ക്അപ്‌സിന് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള സര്‍വൈലന്‍സിന്റെ പ്രധാന ഘടകമായി മാറാന്‍ സാധിക്കും. ‘എച്ച്.എല്‍.ആര്‍. ലുക്ക്അപ്പ് ഉപയോഗിച്ചാല്‍ ഒരു ഫോണ്‍ ഓണ്‍ ആണോയെന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. അതായത് ആ ഫോണില്‍ ഹാക്കിംഗ് നടത്താന്‍ അവസരമുണ്ടോയെന്ന് അറിയാന്‍ സാധിക്കുമെന്ന് സാരം,’ ബെര്‍ലിനിലെ സെക്യൂരിറ്റി റിസര്‍ച്ച് ലാബ്‌സ് തലവനായ ശാസ്ത്രഞ്ജന്‍ കാര്‍സ്റ്റെന്‍ നോല്‍ പറയുന്നു.
ഉപഭോക്താക്കളായ എല്ലാ സര്‍ക്കാരുകളും വഴി പെഗാസസ് വര്‍ഷത്തില്‍ 5000 പേരെയേ ടാര്‍ഗറ്റ് ചെയ്യുന്നുള്ളുവെന്നും അതുകൊണ്ട് തന്നെ പെഗാസസ് ഉപയോഗിച്ച് 50,000 പേരെ വരെ ടാര്‍ഗറ്റ് ചെയ്തിരിക്കാമെന്ന വാദം തെറ്റാണെന്നും എന്‍.എസ്.ഒ. പറയുന്നു.
പ്രമുഖരായ വ്യക്തികളെ ഹാക്ക് ചെയത് അവര്‍ക്ക് സര്‍വൈലന്‍സ് ഏര്‍പ്പെടുത്തുന്ന സര്‍ക്കാരുകളൊന്നും തന്നെ സ്വകാര്യവ്യക്തികളോ വിദേശ സര്‍ക്കാരുകളോ ഇതേക്കുറിച്ച് അറിയണമെന്ന് ഒരിക്കലും താല്‍പര്യപ്പെടുകയില്ലല്ലോ. പെഗാസസ് പ്രോജക്ട് വഴി പുറത്തുവന്നിരിക്കുന്ന ഇത്തരത്തിലുള്ള ഗുരുതര വിവരങ്ങള്‍ തന്നെയാണ് എന്‍.എസ്.ഒയുടെ നിഷേധക്കുറിപ്പുകളെയും സംശയത്തിന്റെ നിഴലിലാക്കുന്നത്.
ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു സര്‍ക്കാരുകളും ഇതേ കുറിച്ച് പുറത്തുപറയാന്‍ താല്‍പര്യപ്പെടുകയില്ല. പക്ഷെ, അത് എന്തു തന്നെയായാലും, നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരായ നിരവധി പേര്‍ സര്‍വൈലന്‍സിന് ഇരയായി എന്നുള്ളത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്. സ്വതന്ത്രമായ അന്വേഷണത്തിന് വേണ്ടി തീര്‍ച്ചയായും ആവശ്യമുയരും.