ന്യൂദല്‍ഹി: ഇന്ത്യ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്ന പാകിസ്ഥാന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. 21 പേരുടെ മരണത്തിനിടയാക്കിയ ബലുചിസ്ഥാനിലെ ട്രെയിന്‍ ഹൈജാക്കിന് പിന്നാലെ പാകിസ്ഥാനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയാണെന്ന് പാക് വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞിരുന്നു. ഈ ആരോപണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
ബലുചിസ്ഥാനിലെ ആക്രമണത്തോട് കൂടി ലോകത്തിന് ഇപ്പോള്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് കൃത്യമായി മനസിലായെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സ്വന്തം ആഭ്യന്തര പ്രശ്നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നതിന് പകരം പാകിസ്ഥാന്‍ സ്വന്തം ഉള്ളിലേക്ക് നോക്കണമെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പാകിസ്ഥാന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിരസിക്കുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്നതിനുപകരം പാകിസ്ഥാന്‍ അവരുടെ ഉള്ളിലേക്ക് നോക്കണം,’ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.
രണ്ട് ദിവസം മുമ്പാണ് പാകിസ്ഥാനിലെ ബലുചിസ്ഥാനില്‍വെച്ച് ഭീകരര്‍ സ്‌ഫോടനം നടത്തി ജാഫര്‍ എക്‌സ്പ്രസിലെ യാത്രക്കാരെ ബന്ദികളാക്കി വെച്ചത്. സൈന്യത്തിന്റെ ഇടപെടലിലൂടെ റാഞ്ചിയ ട്രെയിനിലുണ്ടായിരുന്ന ബന്ദികളെയെല്ലാം മോചിപ്പിച്ചെങ്കിലും 21 പേര്‍ അതിനകം കൊല്ലപ്പെട്ടിരുന്നു. യാത്രക്കാരെ ബന്ദികളാക്കിയ എല്ലാ ബലൂച് ഭീകരരും സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ആയിരുന്നു ആക്രമണത്തിന് പിന്നില്‍.
അതേസമയം ആക്രമണത്തിന് പിന്നാലെ ഇതിന്റെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്ന് പാക് വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയ്‌ക്കെതിരേയും അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
‘ഞങ്ങളുടെ നയത്തില്‍ ഒരു മാറ്റവുമില്ല. വീണ്ടും, വസ്തുതകള്‍ മാറിയിട്ടില്ല. പാകിസ്ഥാനെതിരെ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട്. ഈ സംഭവത്തില്‍, അഫ്ഗാനിസ്ഥാനിലേക്ക് ഫോണ്‍ കോളുകള്‍ വന്നതിന്റെ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്,’ ഖാന്‍ പറഞ്ഞു
ഇന്ത്യ ആഗോളതലത്തില്‍തന്നെ കൊലപാതകങ്ങള്‍ക്ക് പ്രചാരണം നല്‍കുകയാണെന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയാണെന്നും ഖാന്‍ ആരോപിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ബലൂച് ലിബറേഷന്‍ ആര്‍മിയെ മഹത്വവല്‍ക്കരിക്കുകയാണെന്നും ഖാന്‍ അവകാശപ്പെടുകയുണ്ടായി.
ആക്രമണകാരികള്‍ ഹൈജാക്കിനിടെ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ആസൂത്രകരുമായി നേരിട്ട് ബന്ധപ്പെട്ടുവെന്ന് ആരോപിച്ച ഖാന്‍ അഫ്ഗാനിസ്ഥാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ താലിബാന്‍ തള്ളിക്കളഞ്ഞു. ആരോപണങ്ങള്‍ നിഷേധിച്ച അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹാര്‍ ബല്‍ഖി, നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതിനുപകരം സ്വന്തം സുരക്ഷാ വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
Content Highlight: The whole world knows where the epicenter of terrorism is; India hits back at Pakistan’s remark