സിനിമാ നയ രൂപീകരണത്തിന് 50 നിര്‍ദേശങ്ങളുമായി ഡബ്യൂ.സി.സി
Film News
സിനിമാ നയ രൂപീകരണത്തിന് 50 നിര്‍ദേശങ്ങളുമായി ഡബ്യൂ.സി.സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th October 2024, 10:24 am

സിനിമാ നയ രൂപീകരണത്തിന് 50 നിര്‍ദേശങ്ങളുമായി ഡബ്യൂ.സി.സി (വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്). ചലച്ചിത്ര നയം രൂപീകരിക്കാന്‍ വേണ്ടി ഡബ്യൂ.സി.സി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും.

ലൈംഗീക പീഡനം, വിവേചനം, അധിക്ഷേപം എന്നിവക്കെതിരെ സീറോ ടോളറന്‍സ് പോളിസി വേണമെന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം.

സിനിമാ സെറ്റുകളില്‍ ഓഡിറ്റിങ്ങും പരിശോധനയും വേണമെന്നും പരാമര്‍ശിക്കുന്നുണ്ട്. പരാതി പരിഹാര സെല്ലും സിനിമ റെഗുലേഷന്‍ ആക്ടും രൂപപെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മറ്റ് നിര്‍ദേശങ്ങള്‍

  • ജോലി സമയവും സ്ഥലങ്ങളും കൃത്യമായി നിര്‍വചിക്കണം.
  • വെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങള്‍, ടോയ്‌ലെറ്റുകള്‍, വസ്ത്രം മാറാനുള്ള സ്ഥലം, തുടങ്ങിയവ ഉറപ്പുവരുത്തണം.
  • തൊഴില്‍ കരാര്‍, തുല്യ വേതനം, ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തണം.
  • സിനിമ പ്രൊജക്ടുകള്‍ക്കും പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കുമൊക്കെ സര്‍ക്കാരുമായി ചേര്‍ന്ന് കൃത്യമായ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണം.
  • നിലവിലുള്ള ഐ.സി.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിന് വേണ്ടി 2013 ലെ പോഷ് ആക്ടുമായി അഫിലിയേറ്റ് ചെയ്തുള്ള ഐ.സി.സികള്‍ രൂപീകരിക്കണം. ഐ.സി.സികളില്‍ ഉള്‍പ്പെടുന്ന പുറമെ നിന്നുള്ള ആളുകളുടെ പട്ടിക തയ്യാറാക്കുകയും വേണം. ഇവരുമായി ചേര്‍ന്നായിരിക്കണം ഐ.സി.സി പ്രവര്‍ത്തിക്കേണ്ടത്.
  • തുല്യ വേതനം നടപ്പിലാക്കുന്നതിന് മുന്നോടിയായി സമഗ്രമായ ചര്‍ച്ച വേണം.
  • സിനിമയില്‍ അഭിനേതാക്കളും മറ്റുമായി കുട്ടികളെ ഉള്‍പ്പെടുത്തുമ്പോള്‍ നേരത്തെ ഉണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.
  • താരനിശകള്‍ നടത്തുമ്പോള്‍ അതിന് കൃത്യമായ മാനദണ്ഡങ്ങള്‍ വേണം.
  • സ്ത്രീ പങ്കാളിത്തവും അവസര സമത്വവും ഉറപ്പാക്കാന്‍ ബ്രിഹത് പദ്ധതികളും പരിശീലങ്ങളും വേണം.

നിര്‍ദേശങ്ങളെല്ലാം ഉപസംഗ്രഹിച്ചുകൊണ്ട് ഡബ്യൂ.സി.സി പറയുന്നത്, ഒരു സിനിമ റെഗുലേഷന്‍ ആക്ട് രൂപപ്പെടുത്തുകയും സിനിമ മേഖലയിലെയും സര്‍ക്കാര്‍ തലത്തിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്വയം ഭരണാധികാരമുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുകയും വേണമെന്നാണ്. ഇതിന്റെ തലപ്പത്ത് അന്‍പത് ശതമാനം സ്ത്രീ പങ്കാളിത്തം ഉള്‍പ്പെടുത്തണമെന്നും ഡബ്യൂ.സി.സി പറയുന്നു.

Content Highlight: The WCC submits 50 recommendations for industry-wide reforms to committee constituted by the State govt. to frame the Kerala Film Policy