| Sunday, 19th May 2024, 3:38 pm

മൂന്ന് കാലഘട്ടം, ഒരേ പ്രണയം ഒരേ രാഷ്ട്രീയം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. സൂപ്പർ ഹിറ്റ്‌ ചിത്രമായ ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സ്പിൻ ഓഫ് എന്ന തരത്തിൽ തുടക്കം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് സുരേശന്റെയും സുമലതയുടെയും പ്രണയകഥ.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ സുരേശൻ, സുമലത എന്നീ രണ്ടു കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ കിട്ടിയ സ്വീകാര്യതയാണ് ഇങ്ങനെയൊരു ചിത്രം ചെയ്യാൻ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെ പ്രേരിപ്പിച്ചത്.

ചിത്രത്തിലേക്ക് വരുമ്പോൾ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ മുമ്പത്തെ സിനിമകളെ പോലെ തന്നെ ഒരു ഫ്രഷ് അറ്റംപ്റ്റ് തന്നെയാണ് സുരേശന്റെയും സുമലതയുടെയും പ്രണയകഥ. പരീക്ഷണ സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ചിത്രം കൂടിയാണ് ഇത്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിലും സംവിധായകന്റെ വ്യത്യസ്ത സിനിമ മേക്കിങ് ശ്രദ്ധ നേടിയിരുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ച രണ്ട് പേരെ ഒരു പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ഒരുക്കുമ്പോൾ തമാശയ്ക്കപ്പുറം വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന പ്രണയകഥയാണ് സു. സു പ്രണയകഥ.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള വിമർശനങ്ങളും ചിന്തകളും സംഭാഷണങ്ങളിൽ ഉൾപ്പെടുത്തി സമൂഹത്തിലെ ജാതിയതയെ കുറിച്ചെല്ലാം വ്യക്തമായി പറഞ്ഞുവെക്കുന്നുണ്ട് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ.

സുമലതയെ ഇഷ്ടമാണ്, തനിക്ക് കല്യാണം കഴിപ്പിച്ചു തരണം എന്നുപറഞ്ഞ് സുരേശൻ സുമലതയുടെ അച്ഛനെ കാണുമ്പോൾ അയാൾ പറയുന്നത് താൻ തന്റെ മകളെ ഒരു നായർക്ക് മാത്രമാണ് കെട്ടിച്ചു കൊടുക്കുകയെന്നാണ്. ചിത്രത്തിൽ നായർ എന്നതിനെ നാഹർ എന്നാണ് അഭിസംബോധന ചെയ്യുന്നത്.

മൂന്ന് കാലഘട്ടങ്ങളിലെ കഥ ഒരേസമയം സിനിമയിൽ കാണിക്കുകയാണ്. മൂന്നു കാലഘട്ടങ്ങൾക്ക് പകരം ഒരു സമയത്തെ കഥയാണെങ്കിലും ഈ ചിത്രം ചെയ്യാവുന്നതാണ്, എന്നാൽ എല്ലാകാലത്തും പ്രണയവും പ്രശ്നങ്ങളും ഒരുപോലെ തന്നെയാണെന്ന് കാണിക്കാനാവാം സംവിധായകൻ ഇങ്ങനെയൊരു രീതി തെരഞ്ഞെടുത്തത്.

അതിൽ സംവിധായകൻ പൂർണമായി വിജയിച്ചു എന്ന് തന്നെ പറയാം. സിനിമക്കുള്ളിൽ തന്നെ നാടകത്തെയാണ് കഥ പറയാനുള്ള ടൂളായി സംവിധായകൻ ഉപയോഗിക്കുന്നത്. നായകൻ തന്റെ പേര് സുമലതയുടെ വീട്ടിലെ റേഷൻ കാർഡിൽ എഴുതുമ്പോഴെല്ലാമുള്ള പ്രശ്നങ്ങളെ സിനിമയിലെ നാടകം വിമർശിക്കുന്നുണ്ട്.

സുരേശന്റെയും സുമലതയുടെയും പ്രണയ കഥ പറയുമ്പോഴും ന്നാ താൻ കേസ് കൊട് പോലെ ഒരു സീരിയസ് ചിത്രമാണിതും. ഒരു സിനിമ എന്ന നിലയിൽ അവതരണ ശൈലി കൊണ്ട് തീർച്ചയായും കയ്യടി അർഹിക്കുന്ന ചിത്രം തന്നെയാണ് സുരേ‌ശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ.

മുൻ സിനിമകളിൽ വ്യത്യസ്ത അനുഭവമായി മാറുമ്പോഴും മലയാളത്തിലെ മികച്ച പരീക്ഷണ സിനിമകളിലൊന്നായി പറയാവുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.

Content Highlight: The way love was shown in three periods In Sureshanteyum Sumalathayudeyum Pranayakadha

We use cookies to give you the best possible experience. Learn more