| Saturday, 18th November 2023, 7:06 pm

മൈക്കിൽ ഫാത്തിമയിലൂടെ പന്ത് തട്ടുന്ന മലപ്പുറം സിനിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ മനു സി. കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. മലബാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഫുട്ബോൾ എന്ന കായിക വിനോദം ഒരു മുഖ്യ ഘടകമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു സാധാരണ ചിത്രത്തെ സ്പോർട്സ് ഡ്രാമയുമായി ചേർത്തുവെച്ചാണ് സംവിധായകൻ തന്റെ ഫാത്തിമയെ ഒരുക്കിവെച്ചിട്ടുള്ളത്.

സംസാര പ്രിയയായ ഫാത്തിമയ്‌ക്ക് ഒരു ഫുട്ബോൾ കമന്റേറ്ററാവണമെന്ന മോഹം ഉദിക്കുകയാണ്. ഈ ഒരു ആഗ്രഹമാണ് സമാന ടെംപ്ലേറ്റിൽ ഉള്ള സിനിമകളിൽ നിന്ന് ശേഷം മൈക്കിൽ ഫാത്തിമയെ വ്യത്യസ്തമാക്കുന്നത്. അത് നന്നായി അവതരിപ്പിക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.

മുഹസിൻ പരാരി ‘കെ.എൽ.10 പത്തി’ലൂടെ തുടങ്ങി വച്ച, ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ സക്കറിയ മലയാള സിനിമയിൽ ഊട്ടിയുറപ്പിച്ച മലപ്പുറം ഫുട്ബോളിന്റെ മഹിമ ഒട്ടും ചോരാതെ തന്നെ സിനിമ പറയുന്നുണ്ട്. കാൽപന്ത് കളിയെ ജീവനായി കാണുന്ന ഫാത്തിമയെ കല്യാണി പ്രിയദർശനും ഒട്ടും മോശമാക്കിയിട്ടില്ല.

ഗാലറിയിൽ ഇരുന്ന് കളി വിവരിക്കുന്ന ഒരാൾക്ക് ഫുട്ബോളിന്റെ സയന്റിഫിക്ക് വശങ്ങളും അറിഞ്ഞിരിക്കണമെന്നാണ് സിനിമയിൽ പറയുന്നത്. കടലിലെ തിരമാല പോലെ നിർത്താത്ത വാക്കുകളിൽ ഫാത്തിമ ഫുട്ബോളിനെ കുറിച്ച് സംസാരിക്കുമ്പോൾ അതിൽ ഓരോ മലപ്പുറത്തുകാരുടെയും ഫുട്ബോൾ എന്ന വികാരം നിറഞ്ഞു നിൽക്കുന്നുണ്ട്.

സ്പോർട്സ് ഡ്രാമകൾ മലയാളത്തിൽ മുൻപും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നിത്യ ജീവിതത്തിന്റെ ഭാഗമായി അതാദ്യം ചിത്രീകരിച്ചത് കെ.ൽ.10.പത്തിൽ ആയിരുന്നു. പേരിലുള്ള 10 എന്ന നമ്പർ ഒരേ സമയം മലപ്പുറം ജില്ലയേയും നായകന്റെ ഫുട്ബോൾ ജേഴ്‌സി നമ്പറിനെയുമാണ് സൂചിപ്പിച്ചത്. നായകനും നായികയുമായുള്ള പ്രണയത്തെയടക്കം ഒരു ഫുട്ബോൾ മാച്ചായാണ് മുഹ്സിൻ പരാരി ഫുട്ബോൾ തട്ടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്.

സുഡാനി ഫ്രം നൈജീരിയ ഒരു നാടിന്റെ മുഴുവൻ ജീവിതവും നന്മയും ഫീൽ ഗുഡ് ആയി പറഞ്ഞു വെക്കുന്ന കൊച്ചു ചിത്രമാണ്. ഫുട്ബോളിലൂടെ തട്ടി കയറിയ സ്നേഹവും ആത്മബന്ധവും ദേശാന്തരങ്ങൾ കടന്ന് പെനാൽറ്റി ബോക്സിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് തുളച്ചു കയറിയപ്പോൾ അന്നും ചർച്ചയായതാണ് മലബാറിന്റെ തനത് ഫുട്ബോൾ പാരമ്പര്യം.

ചെറുപ്പം മുതൽ ഫുട്ബോൾ കളി കണ്ടു വളരുന്ന കുട്ടിയാണ് ഫാത്തിമ. അവളുടെ ഇക്കാക്കയോടൊപ്പം അവളും കളിസ്ഥലത്തേക്ക് പോവുമായിരുന്നു. ഉപ്പയും പഴയ ഫുട്ബോൾ കളിക്കാരനാണ്. ഇക്കയോടൊപ്പം വീട്ടിൽ ഇരുന്ന് കളികൾ കണ്ട്, അതിന് കമൻന്ററികൾ പറഞ്ഞ്, വിസിൽ അടിക്കാൻ പഠിക്കുന്നത് ഒരു വലിയ നേട്ടമായി കാണുന്ന, ടീമുകളെ കുറിച്ചും കളിക്കാരെ കുറിച്ചും നിർത്താതെ തർക്കം കൂടുന്ന ഒരു മലബാറുകാരിയാണ് ഫാത്തിമ. സിനിമയിൽ ഇടയ്കിടയ്ക്ക് ഫാത്തിമ പറയുന്ന ക്ലബ്ബുകളുടെ പേരുകൾ, അറിയപ്പെടാതെ പോയ കളിക്കാരുടെ പേരുകൾ തുടങ്ങിയവയെല്ലാം അതിനെ ബലപ്പെടുത്തുന്നുണ്ട്.

ഫുട്ബോൾ തട്ടാൻ മലയാള സിനിമ വീണ്ടും മലപ്പുറത്തേക്ക് വണ്ടി കയറുന്നത് ഒരുപക്ഷേ ഇതുകൊണ്ട് തന്നെയാവാം. ശേഷം മൈക്കിൽ ഫാത്തിമയിലേക്ക് വരുമ്പോഴും ഒരു രസമുളള ഫുട്ബോൾ മാച്ച് കണ്ട പ്രതീതി പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്.

Content Highlight: The Way Football Was Presented In Shesham Maikil Fathima 

We use cookies to give you the best possible experience. Learn more