| Thursday, 27th June 2024, 10:40 am

ചൂടില്‍ ഉരുകി ലിങ്കണും; ഉരുകിയൊലിച്ച് വാഷിങ്ടണിലെ എബ്രഹാം ലിങ്കണിന്റെ മെഴുകുപ്രതിമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: കനത്ത ചൂടില്‍ ഉരുകിയൊലിച്ച് അമേരിക്കയിലെ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുകുപ്രതിമ. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥാപിച്ചിരുന്ന ലിങ്കണിന്റെ മെഴുകുപ്രതിമയാണ് ഉരുകിയത്.

കനത്ത ചൂടില്‍ ആറടി ഉയരമുള്ള പ്രതിമയുടെ തല നഷ്ടപ്പെട്ടു. പിന്നാലെ പ്രതിമയുടെ കാലും ഉരുകിയൊലിച്ചു. ഉരുകിയ കാലിന്റെ മെഴുകുകള്‍ വലിയ കുമിളകളായി മാറുകയും ചെയ്തു. വാഷിങ്ടണ്‍ ഡി.സിയിലെ ക്യാമ്പ് ബാര്‍ക്കറിലെ ലിങ്കണ്‍ മെമ്മോറിയയിലായിരുന്നു ഈ പ്രതിമ സ്ഥാപിച്ചിരുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയിലാകെ നിലവില്‍ താപനില ഉയര്‍ന്നിരിക്കുകയാണ്. ഏതാനും ഇടങ്ങളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലിങ്കണിന്റെ മെഴുകുപ്രതിമ ഉരുകിയൊലിച്ചിറങ്ങിയത്. താപനില ഉയര്‍ന്നതോടെ പ്രതിമയുടെ കസേരയടക്കം ഉരുകിയെന്നാണ് റിപ്പോര്‍ട്ട്.

ലിങ്കണ്‍ മെമ്മോറിയം സ്ഥിതി ചെയ്യുന്ന കെട്ടിടം അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്തെ അഭയാര്‍ത്ഥി ക്യാമ്പായിരുന്നു. ഇപ്പോള്‍ ഇവിടെ ഗാരിസണ്‍ എലിമെന്ററി സ്‌കൂളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് എലിമെന്ററി സ്‌കൂളിന് പുറത്തായി ലിങ്കണിന്റെ പ്രതിമ സ്ഥാപിച്ചത്. വെര്‍ജീനിയയിലെ ആര്‍ട്ടിസ്റ്റ് സാന്‍ഡി വില്യംസ് നാലാമനാണ് പ്രതിമയ്ക്ക് രൂപം നല്‍കിയത്.

‘ദി വാക്സ് മോണ്യുമെന്റ് സീരീസിന്റെ’ ഭാഗമായാണ് പ്രതിമ നിര്‍മിച്ചത്. നേരത്തെ ഒരുതവണ പ്രതിമ ഉരുകിയിട്ടുണ്ട്. പ്രതിമയ്ക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന നൂറോളം തിരികളുള്ള മെഴുകുതിരി കൂട്ടം കത്തിച്ചോടെയാണ് ഉദ്ഘാടനത്തിന് മുന്നോടിയായി പ്രതിമ ഉരുകിയത്.

പിന്നീട് ഈ മെഴുകുതിരി കത്തിക്കാനുള്ള സമയം അധികൃതര്‍ 1-2 മിനിറ്റ് ആക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

Content Highlight: The wax statue of the former president of America Abraham Lincoln melted in the heat

We use cookies to give you the best possible experience. Learn more