| Sunday, 11th February 2024, 8:11 pm

യു.എസ് ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നു; നെതന്യാഹുവും ജോ ബൈഡനും തമ്മിലുള്ള ഉള്‍പ്പോര് വര്‍ധിക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആശയപരമായി ഉള്‍പ്പോരിലെന്ന് വാഷിങ്ടണ്‍ പോസ്റ്റ്. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലിന്റെ ആക്രമണത്തിന്റെ തോത് വര്‍ധിക്കുന്നതില്‍ വൈറ്റ് ഹൗസ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വാഷിങ്ടണ്‍ പോസ്റ്റ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

ജോ ബൈഡന്റെ നിര്‍ദേശങ്ങളെ ലംഘിച്ചുകൊണ്ടാണ് നെതന്യാഹു മുന്നോട്ട് പോവുന്നതെന്നും അതില്‍ അമേരിക്കന്‍ പ്രസിഡന്റിന് നിരാശയുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

നിലവില്‍ ബൈഡനും അദ്ദേഹത്തിന്റെ ഉന്നത സഹായികളും നെതന്യാഹുവിനെ ഒരു ഉത്പാദന പങ്കാളിയായി കാണുന്നില്ലെന്ന് ഏതാനും സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലനില്‍പ്പിനാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രാധാന്യം കൊടുക്കുന്നതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസയിലെ വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ നിരസിക്കുകയും സൈനിക ആക്രമണത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുകൊണ്ട് നെതന്യാഹു യു.എസിനെ പരസ്യമായി ധിക്കരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

40 വര്‍ഷത്തിലേറെയായി നെതന്യാഹുവിനെ അറിയാവുന്ന ബൈഡന്‍ രാജ്യത്തെ ജനങ്ങളുടെ അഭിപ്രായത്തില്‍ ഇതുവരെ തന്റെ സ്വകാര്യ നിലപാടുകള്‍ പരസ്യമാക്കാന്‍ വിമുഖത കാണിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെതന്യാഹു നിരവധി തവണ യു.എസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിട്ടുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് തനിക്ക് ജനപ്രീതി കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ യു.എസ് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ മാനുഷിക സഹായങ്ങളില്‍ തടസം സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു സുരക്ഷാ മെമ്മോറാണ്ടം ബൈഡന്‍ പുറത്തിറക്കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Content Highlight: The Washington Post says that the infighting between Netanyahu and Joe Biden is increasing

We use cookies to give you the best possible experience. Learn more