ഉക്രൈനിന്റെ നടപടികളോടുള്ള നിര്‍ബന്ധിത പ്രതികരണമായിരുന്നു യുദ്ധം; അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: പുടിന്‍
World News
ഉക്രൈനിന്റെ നടപടികളോടുള്ള നിര്‍ബന്ധിത പ്രതികരണമായിരുന്നു യുദ്ധം; അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd August 2023, 11:06 pm

കേപ് ടൗണ്‍: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പടിഞ്ഞാറും അതിന്റെ ഉപഗ്രഹങ്ങളും അഴിച്ചു വിട്ട യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് പുടിന്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടക്കുന്ന 15ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പറഞ്ഞു.

‘ലോകത്ത് തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ ആഗ്രഹം ഉക്രൈനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചു. ഉക്രൈനിന്റെയും പാശ്ചാത്യരുടെയും നടപടികളോടുള്ള നിര്‍ബന്ധിത പ്രതികരണമായിരുന്നു യുദ്ധം,’ പുടിന്‍ പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഉച്ചക്കോടിയുടെ പ്ലീനറി സെക്ഷനെ അഭിസംബോധന ചെയ്ത പുടിന്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ചയുടെ ആവശ്യകതയെ കുറിച്ചും ഊന്നിപ്പറഞ്ഞു. സെന്റില്‍മെന്റുകളില്‍ ദേശീയ കറന്‍സികളുടെ ഉപയോഗം വിപുലീകരിക്കാനും ബാങ്കുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും അദ്ദേഹം ബ്രിക്‌സ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ അധ്യക്ഷരെന്ന നിലയില്‍ 2024 ഒക്ടോബറില്‍ കസാനില്‍ ഒരു ഉച്ചകോടി സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായും പുടിന്‍ പറഞ്ഞു. ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ബഹുരാഷ്ട്രാവാദം ശക്തിപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉക്രൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗൊറാഡിന്റെ ഗവര്‍ണര്‍ പറഞ്ഞു. വടക്കുകിഴക്കന്‍ ഉക്രൈനിലെ റോംനി നഗരത്തിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി ഇഹോര്‍ ക്ലൈമെന്‍കോയും അറിയിച്ചു.

content highlights: The war was a forced response to Ukraine’s actions; Wants to end: Putin