'യുദ്ധം അവസാനിച്ചിട്ടില്ല'; വടക്കൻ ഗസയിലേക്ക് തിരിച്ചുവരുന്ന ഫലസ്തീനികളെ തടഞ്ഞ് ഇസ്രഈൽ സേന
World News
'യുദ്ധം അവസാനിച്ചിട്ടില്ല'; വടക്കൻ ഗസയിലേക്ക് തിരിച്ചുവരുന്ന ഫലസ്തീനികളെ തടഞ്ഞ് ഇസ്രഈൽ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 6:32 pm

ഗസ: താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് വടക്കൻ ഗസയിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ച കുടിയിറക്കപ്പെട്ട ഫലസ്തീനികളെ തടഞ്ഞ് ഇസ്രഈൽ സേന.

വടക്കൻ ഗസ യുദ്ധഭൂമിയാണെന്ന ഇസ്രഈൽ സേനയുടെ വാക്കുകൾ വകവെക്കാതെ വടക്കൻ ഗസയിലെ ബെയ്ത് ലാഹിയയിലെ വീടുകളിലേക്ക് മടങ്ങുന്ന ഫലസ്തീനികളുടെ വീഡിയോ അൽ ജസീറ പുറത്തുവിട്ടു.

വടക്കൻ ഗസയിലേക്ക് തിരികെ പോകുവാൻ ജനങ്ങളെ ഹമാസ് പ്രേരിപ്പിക്കുമെന്ന് തങ്ങൾക്ക് തോന്നിയിരുന്നുവെന്നും ഇത് തടയാൻ സേന സജ്ജരാണെന്നും ഇസ്രഈൽ സേന അറിയിച്ചു.

വടക്കൻ ഗസയിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകൾ സേന തെക്കൻ ഗസയിലെ അഭയാർത്ഥികൾക്കിടയിൽ വിതരണം ചെയ്തു.

ഗസ മുനമ്പിലെ വടക്കൻ പ്രദേശം യുദ്ധഭൂമിയാണെന്നും അവിടെ താമസിക്കുന്നത് നിരോധിച്ചിരിക്കുന്നതായും ഇസ്രഈലി സേനയുടെ വക്താവ് എക്‌സിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

വടക്കൻ ഗസയിലേക്ക് പോകാൻ ശ്രമിച്ചവരെ ഇസ്രഈൽ സൈന്യം പരിക്കേല്പിച്ചതായി ഫലസ്തീനി വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.

ഇസ്രഈലി സേന രണ്ടുപേരെ കൊലപ്പെടുത്തിയതായും 11 പേർക്ക് കാലിൽ പരിക്കേറ്റതായും അസോസിയേറ്റഡ് പ്രസിന്റെ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.

നവംബർ 24ന് ആരംഭിച്ച വെടിനിർത്തൽ നാല് ദിവസം തുടരും. ഇസ്രഈൽ – ഹമാസ് ഉടമ്പടി പ്രകാരം ഹമാസ് ബന്ദികളാക്കിയ 50 പേരെ നാല് ദിവസങ്ങളിലായി മോചിപ്പിക്കാനും ഇസ്രഈലിലെ ജയിലുകളിൽ കഴിയുന്ന 150 പേരെ മോചിപ്പിക്കാനും ധാരണയായിരുന്നു.

Content Highlight: ‘The war is not over’: Israel blocks Palestinians’ return to northern Gaza