| Saturday, 10th June 2023, 5:05 pm

പള്ളിക്കമ്മിറ്റിയുടെ പണം തട്ടിയെടുത്തെന്ന് പരാതി; മുസ്‌ലിം ലീഗ് നേതാവില്‍ നിന്നും ഒന്നരകോടി ഈടാക്കാന്‍ നിര്‍ദേശിച്ച് വഖഫ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പള്ളിക്കമ്മിറ്റിയുടെ പണം തട്ടിയെടുത്തെന്ന പരാതിയില്‍ മുസ്‌ലിം ലീഗ് നേതാവില്‍ നിന്നും പണം ഈടാക്കാന്‍ നിര്‍ദേശം നല്‍കി വഖഫ് ബോര്‍ഡ്. മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിറില്‍ നിന്നും ഒന്നര കോടി രൂപ ഈടാക്കാനാണ് വഖഫ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും വഖഫ് ബോര്‍ഡിന്റെ ശുപാര്‍ശയുണ്ട്. കണ്ണൂര്‍ പുറത്തീല്‍ കമ്മിറ്റിയായിരുന്നു കെ.പി. താഹിറിനെതിരെ പരാതിയുമായി വഖഫ് ബോര്‍ഡിനെ സമീപിച്ചത്.

സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് വഖഫ് ബോര്‍ഡ് താഹിറില്‍ നിന്നും പണം ഈടാക്കാനുള്ള നിര്‍ദേശം നല്‍കിയത്. ജൂണ്‍ ആറിന് നടന്ന സംസ്ഥാന വഖഫ് ബോര്‍ഡ് യോഗത്തിലായിരുന്നു താഹിറിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം ഉണ്ടായത്. തുക ഈടാക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കാനും വഖഫ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ, പള്ളിക്കമ്മിറ്റിയുടെ പണം തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ നേതൃത്വത്തില്‍ നിന്നും താഹിറിനെ ഒഴിവാക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് താഹിറിനെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.

2010-15 കാലയളവില്‍ പള്ളക്കമ്മിറ്റിയുടെ പ്രസിഡന്റായി താഹിര്‍ ഇരിക്കെയാണ് പള്ളിക്കമ്മിറ്റിയുടെ ഒന്നരകോടി രൂപ കാണാതായത്. 2015 ല്‍ വന്ന പുതിയ കമ്മിറ്റിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ഇതില്‍ പങ്കുണ്ടെന്ന കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന അറസ്റ്റും നടന്നിരുന്നു. പിന്നീട് ഇദ്ദേഹം ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

Content Highlight:  The waqf board suggested that one and half crore money from muslim league leader

We use cookies to give you the best possible experience. Learn more