Kerala News
മുനമ്പത്തെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് നിയമപരമായി ഫാറൂഖ് കോളേജ്: വഖഫ് ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 03:29 am
Thursday, 16th January 2025, 8:59 am

കാക്കനാട്: മുനമ്പത്തെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് നിയമപരമായി ഫാറൂഖ് കോളേജെന്ന് വഖഫ് ബോര്‍ഡ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനമായി കിട്ടിയതാണെന്നുമുള്ള ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ വാദം തള്ളിയാണ് വഖഫ് ബോര്‍ഡിന്റെ പ്രതികരണം.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും നിയമ വിരുദ്ധമായി ഫാറൂഖ് കോളേജ് കൈമാറ്റം ചെയ്തതാണെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു. നിയമവിരുദ്ധമായി ഭൂമി വിറ്റ ഫാറൂഖ് കോളേജാണ് മുനമ്പത്തെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടി.

മുനമ്പം ഭൂമി വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ഹിയറിങ്ങിലാണ് വഖഫ് ബോർഡിന്റെ പ്രതികരണം.

മുനമ്പം ഭൂമിയുടെ സര്‍വേ നടത്തി ഫാറൂഖ് കോളജിന്റെ കൈവശം എത്ര ഭൂമിയുണ്ടെന്നും നിലവിലെ കൈവശക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നുമാണ് വഖഫ് ബോര്‍ഡിന്റെ ആവശ്യം.

കഴിഞ്ഞ ഹിയറിങ്ങിനിടെ ഭൂവുടമ സിദ്ദിഖ് സേട്ടിന് വഖഫിനെക്കുറിച്ച് കാര്യമായ അറിവില്ലെന്ന് ഫാറൂഖ് കോളേജ് വാദിച്ചിരുന്നു.എന്നാല്‍ ഈ വാദം വഖഫ് ബോര്‍ഡ് തള്ളി.

1954ല്‍ വഖഫ് നിയമം നടപ്പിലായപ്പോള്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ വഖഫ് ബോര്‍ഡിന്റെ മെമ്പറായിരുന്ന സിദ്ദീഖ് സേട്ടിന് വഖഫില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. അഭിഭാഷകരായ സുഗുണപാലും ജംഷിദ് ആസിഫുമാണ് കമ്മീഷന് മുമ്പാകെ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായത്.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നാണ് ഫാറൂഖ് കോളേജ് പറവൂര്‍ സബ് കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട മൂന്ന് അഫിഡവിറ്റുകള്‍ കമ്മീഷന് മുമ്പാകെ വഖഫ് ബോര്‍ഡ് ഹാജരാക്കിയിട്ടുണ്ട്.

നന്മയെ ലക്ഷ്യമിട്ട് ഒരു വസ്തു അല്ലെങ്കില്‍ എന്തെങ്കിലും വഖഫ് ചെയ്യുന്ന വ്യക്തിയുടെ ഇസ്‌ലാമികമായ ഉദ്ദേശ്യശുദ്ധിയെ പ്രത്യേകം പരിഗണിക്കണമെന്ന വഖഫ് നിയമത്തിലെ നിരീക്ഷണങ്ങളെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് മുനമ്പത്തെ മദ്യശാലകളും റിസോര്‍ട്ടുകളും മറ്റും നടത്തുന്നതെന്ന് സാമൂഹിക നീതി സംരക്ഷണ ചെയര്‍മാന്‍ പി.എ. പ്രേം ബാബു കമ്മീഷന് മുമ്പാകെ പറഞ്ഞു.

വഖഫ് സംരക്ഷണ സമിതി കണ്‍വീനര്‍ മുജീബ് റഹ്‌മാന്‍, ഫൈസല്‍, അഭിഭാഷകരായ ബീരാന്‍, അബൂബക്കര്‍ എന്നിവരും ഹിയറിങ്ങില്‍ ഹാജരായിരുന്നു.

നേരത്തെ വഞ്ചനാകുറ്റപ്രകാരം ഫാറൂഖ് കോളേജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയിലെ രണ്ടംഗങ്ങള്‍ ഏറണാകുളം റൂറല്‍ പൊലീസ് മേധാവിക്ക് പരാതിനല്‍കിയിരുന്നു.

മുനമ്പത്തെ വഖഫ് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതോടെ മുസ്‌ലിം സമുദായത്തിന്റെ ഉന്നമനവും വളര്‍ച്ചയും തടസപ്പെട്ടെന്നായിരുന്നു പരാതി. ഫാറൂഖ് കോളേജിന്റെ മാനേജ്മെ്ന്റ് കമ്മിറ്റിക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സിദ്ദിഖ് സേട്ട് വഖഫ് ആയി രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുള്ളതാണ് മുനമ്പത്തെ ഭൂമി.

കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ഖാന്‍ ബഹുദൂര്‍ പി.കെ. ഉണ്ണികമ്മു സാഹിബിന് ഇടപ്പള്ളി സബ് രജിസ്റ്റര്‍ ഓഫീസില്‍ 2015/1950 നമ്പറിലായാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Content Highlight: The Waqf Board said Farooq College is legally obliged to compensate the residents of Munambam