സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂവുടമ വഖഫ് ബോര്‍ഡല്ല; അത് കത്തോലിക്കാ സഭ; റിപ്പോർട്ട്
Kerala News
സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂവുടമ വഖഫ് ബോര്‍ഡല്ല; അത് കത്തോലിക്കാ സഭ; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2024, 12:46 pm

തിരുവനന്തപുരം: സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂസ്വത്ത് ഉള്ളത് വഖഫ് ബോർഡിനല്ലെന്നും കത്തോലിക്കാ സഭയ്ക്കാണെന്നും റിപ്പോർട്ട്. വിവാദമായ വഖഫ് ഭേദഗതി നിയമം കൊണ്ടുവരാനുള്ള നീക്കം നരേന്ദ്രമോദി സർക്കാർ ആരംഭിച്ചിരിക്കുകയാണ്. ഇതോടൊപ്പം കേരളത്തിലെ മുനമ്പത്ത് ഉൾപ്പെടെ വഖ്ഫ് ഭൂമി വിവാദങ്ങൾ ഉയരുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വരുന്ന വിവാദമാണ് ഇന്ത്യയിൽ സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് വഖഫ് ബോർഡിനാണെന്നുള്ളത്.

എന്നാൽ അതു തെറ്റാണെന്നും വഖഫ് ബോർഡല്ല മറിച്ച് സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാ സഭ (Catholic Church of India) ആണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഗവൺമെന്റ് ലാൻഡ് ഇൻഫർമേഷൻ വെബ്സൈറ്റിൽ (Government Land Information website) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കേന്ദ്രസർക്കാരിന് ഏകദേശം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയാണുള്ളത്.

116 പൊതുമേഖലാ കമ്പനികളും 51 മന്ത്രാലയങ്ങളുമാണ് ഈ ഭൂമി ഉപയോഗിക്കുന്നത്. കേന്ദ്രസർക്കാരിന് കീഴിൽ റെയിൽവേക്കാണ് കൂടുതൽ ഭൂമിയുള്ളത്. അതുകഴിഞ്ഞാൽ പ്രതിരോധമന്ത്രാലയത്തിനും.

സർക്കാർ കഴിഞ്ഞാൽ കത്തോലിക്കാ സഭയാണ് കൂടുതൽ ഭൂമി കൈവശംവച്ചിരിക്കുന്നത്. കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിലുടനീളം ഏഴു കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമിയാണുള്ളത്. പള്ളികൾ, കോളേജുകൾ, സ്കൂ‌ളുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ നിരവധി കെട്ടിടങ്ങളുള്ള ഈ ഭൂമികളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയോളം വരും.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷുകാരിൽ നിന്നാണ് കത്തോലിക്കാ സഭക്ക് ഈ ഭൂമിയിൽ ഭൂരിഭാഗവും ലഭിച്ചത്. കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) ആണ് കത്തോലിക്കാ സഭയെ നിയന്ത്രിക്കുന്നത്. 2012ൽ ഇന്ത്യയിൽ 2,457 ആശുപത്രി ഡിസ്പെൻസറികൾ, 240 മെഡിക്കൽ കോളജുകൾ, 28 ജനറൽ കോളജുകൾ, 5 എഞ്ചിനീയറിംഗ് കോളജുകൾ, 3765 സെക്കൻഡറി സ്കൂളുകൾ, 7319 പ്രൈമറി സ്‌കൂളുകൾ, 3187 നഴ്‌സറി സ്‌കൂളുകൾ തുടങ്ങിയവ കത്തോലിക്കാ സഭക്ക് കീഴിലുണ്ട്.

ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് അനുവദിച്ച ഒരു ഭൂമിക്കും നിയമസാധുതയില്ലെന്ന് 1965ൽ കേന്ദ്ര സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഈ നിർദ്ദേശം പൂർണമായും നടപ്പാക്കത്തതിനാൽ സഭയ്ക്ക് കീഴിലുള്ള ചില ഭൂമികളുടെ നിയമസാധുത സംബന്ധിച്ച തർക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.

വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്ന ഭാഷ്യത്തിൽ 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുക എന്നതാണ് വഖഫ് (ഭേദഗതി) ബില്ല്, 2024 ൻ്റെ ലക്ഷ്യം. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും നടത്തിപ്പും ഏറ്റെടുക്കാനാണ് ഭേദഗതി ബിൽ ശ്രമിക്കുന്നത്.

 

Content Highlight: The Waqf Board is not the largest landowner after the government; It is the Catholic Church