| Monday, 27th January 2025, 2:12 pm

വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദമായ വഖഫ് ഭേദഗതി ബില്‍ ജെ.പി.സി (സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി) അംഗീകരിച്ചു). ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച സമിതിയാണ് ജെ.പി.സി. ബി.ജെ.പി നേതാവായ ജഗദാംബിക പാല്‍ ആയിരുന്നു സമിതിയുടെ അധ്യക്ഷന്‍.

14 മാറ്റങ്ങളോടെയാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയെല്ലാം നിരസിക്കപ്പെട്ടു.

എന്‍.ഡി.എ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച എല്ലാ ഭേദഗതികളും പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചതിനാല്‍ വഖഫ് ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ കേന്ദ്രത്തിന് സാധിക്കും. എന്നാല്‍, പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച എല്ലാ മാറ്റങ്ങളും ജെ.പി.സി തള്ളിക്കളഞ്ഞതായാണ് വിവരം. സമിതി അംഗീകരിച്ച ഭേദഗതികള്‍ വഖഫ് നിയമം മികച്ചതും ഫലപ്രദവുമാക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാല്‍ പറഞ്ഞു.

ജെ.പി.സി യോഗത്തിനിടെ പ്രതിപക്ഷ എം.പിമാര്‍ യോഗത്തിന്റെ നടപടികളെ തള്ളിപ്പറയുകയും ഭേദഗതി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണെന്നും ആരോപിച്ചു. ‘ഇത് ഒരു പ്രഹസനമായിരുന്നു. പാല്‍ സ്വേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തിച്ചത്,’ ടി.എം.സി എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

നിര്‍ദ്ദേശിച്ച 14 മാറ്റങ്ങളുടെ ജനുവരി 29ന് വോട്ടെടുപ്പ് നടത്തുമെന്നും അന്തിമ റിപ്പോര്‍ട്ട് ജനുവരി 31നകം സമര്‍പ്പിക്കുമെന്നുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഫെബ്രുവരി 13വരെ സമയപരിധി നീട്ടി നല്‍കുകയായിരുന്നു.

ഭേദഗതികള്‍ പഠിക്കാന്‍ രൂപീകരിച്ച സമിതി നിരവധി ഹിയറിങ്ങുകള്‍ നടത്തിയെങ്കിലും ഭരണ-പ്രതിപക്ഷ എം.പിമാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം അവയില്‍ പലതും നടക്കാതെ വന്നു.

ഫെബ്രുവരി അഞ്ചിലെ ദല്‍ഹി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വഖഫ് ഭേദഗതി ബില്ലില്‍ പുകമറ സൃഷ്ടിക്കാന്‍ പാല്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.പിമാര്‍ കഴിഞ്ഞയാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് തങ്ങളുടെ ആശങ്കകള്‍ അറിയിച്ച് കത്ത് നല്‍കിയിരുന്നു. നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ പഠിക്കാന്‍ സമയം നല്‍കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം.

വഖഫ് ബോര്‍ഡുകളുടെ ഭരണര നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരേയും സ്ത്രീകളെയും നാമനിര്‍ദ്ദേശം ചെയ്യുന്നതുള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് പുതിയ ഭേദഗതി നിര്‍ദേശിക്കുന്നത്.

കൂടാതെ, കേന്ദ്ര വഖഫ് കൗണ്‍സിലില്‍ ഭേദഗതികള്‍ പാസാക്കണമെങ്കില്‍ ഒരു കേന്ദ്രമന്ത്രിയും മൂന്ന് എം.പിമാരും, കൂടാതെ രണ്ട് മുന്‍ ജഡ്ജിമാര്‍ തുടങ്ങിയവര്‍ ഉണ്ടായിരിക്കണമെന്നുമെല്ലാം ഭേദഗതിയിലുണ്ട്. പുതിയ നിയമപ്രകാരം വഖഫ് കൗണ്‍സിലിന് ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാനാവില്ല തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് പുതിയ ഭേദഗതി മുന്നോട്ട് വെച്ചത്.

Content Highlight: The Waqf Amendment Bill was approved by the Joint Parliamentary Committee

We use cookies to give you the best possible experience. Learn more