പാലക്കാട്: വാളയാറിലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ കെട്ടിതൂക്കിയ സംഭവത്തില്‍ മാതാപിതാക്കളെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ. ആത്മഹത്യാ പ്രേരണക്കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയത്.
പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതിക്രമം നടന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വിവരം അറിഞ്ഞിട്ടും മാതാപികതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊച്ചിയിലെ സി.ബി.ഐ മൂന്നാം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
പീഡന വിവരം അറിഞ്ഞിട്ടും മാതാപിതക്കള്‍ നിയമനടപടികള്‍ സ്വീകരിക്കാതിരുന്നത് ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. പോക്‌സോ കുറ്റങ്ങളില്‍ ആരാണോ പീഡന വിവരം അറിയുന്നത് അവര്‍ അക്കാര്യം പൊലീസിനെ അറിയിക്കണം. എന്നാല്‍ വാളയാര്‍, പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ വിവരം മറച്ചുവെച്ചു എന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
മുമ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം സി.ബി.ഐ തള്ളിയിരുന്നു. ഇതിന് ശേഷമാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ചപ്പോള്‍ മാതാപിതാക്കളെ കേസിലെ പ്രധാന സാക്ഷികള്‍ ആക്കിയിരുന്നു.
പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടതോടെ പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. എന്നാല്‍ സി.ബി.ഐയുടെ ആദ്യ കുറ്റപത്രം കോടതി തള്ളി. തുടര്‍ന്ന് പുനരന്വേഷണം നടത്തിയാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.
പെണ്‍കുട്ടികളെ കൊന്ന് കെട്ടിതൂക്കിയതാണെന്നാണ് മാതാപിതാക്കള്‍ കേസിന്റെ തുടക്കം മുതല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ആണെന്നന്ന നിഗമനത്തില്‍ തന്നെയായിരുന്നു സി.ബി.ഐ.
നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസിന് പിന്നാലെ സി.ബി.ഐയും എത്തിയത്. എന്നാല്‍ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്ന ന്ന നിലപാടില്‍ പെണ്‍കുട്ടികളുടെ അമ്മ ഉറച്ച് നില്‍ക്കുകയായിരുന്നു.
Content Highlight: The Walayar Case; CBI filed a case against the parents of the children