കാത്തിരിപ്പിന് അവസാനം; മെക്സിക്കോയുടെ അത്ഭുത ഗോളി ഒച്ചോവോ ഇനി യൂറോപ്പിൽ കളിക്കും
club football
കാത്തിരിപ്പിന് അവസാനം; മെക്സിക്കോയുടെ അത്ഭുത ഗോളി ഒച്ചോവോ ഇനി യൂറോപ്പിൽ കളിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd December 2022, 4:39 pm

ലോകകപ്പ് ഫുട്ബോളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു അത്ഭുതമായിരുന്നു മെക്സിക്കൻ ഗോൾകീപ്പർ ഗുല്ലെർമോ ഒച്ചോവോ.
ലോകകപ്പിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ഒച്ചോവോയുടെ കളി പിന്നീട് ആസ്വദിക്കണമെങ്കിൽ ഫുട്ബോൾ ആരാധകർക്ക് അടുത്ത ലോകകപ്പ് വരെ കാത്തിരിക്കണമായിരുന്നു.

എന്നാലിപ്പോൾ ഒച്ചോവോ ഒരു ഇടവേളക്ക് ശേഷം വീണ്ടും യൂറോപ്പിലെ ബിഗ് ഫൈവ് ക്ലബ്ബ് ഫുട്ബോളിലേക്ക് കളിക്കാനെത്തുന്നു എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇറ്റാലിയൻ ഫുട്ബോൾ ലീഗായ സീരിഎയിലാണ് താരം ഇനി മുതൽ കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് വാർത്ത പുറത്ത് വിട്ടത്.

മുമ്പ് 2011-2014 സീസണിൽ അജാക്കോക്ക് വേണ്ടി കളിച്ചിരുന്ന താരം പിന്നീട് ഗ്രാൻഡ ഫുട്ബോൾ ക്ലബ്ബിന് വേണ്ടിയും കളിച്ചിരുന്നു. ഈ രണ്ട് ബിഗ് ഫൈവ് ഫുട്ബോൾ ലീഗുകളിൽ മാത്രം കളിച്ചിരുന്ന താരം തന്റെ കരിയറിന്റെ കൂടുതൽ സമയവും മെക്സിക്കൻ ക്ലബ്ബായ അമേരിക്കക്ക് വേണ്ടിയാണ് കളിച്ചത്.

എന്നാൽ ഇനി മുതൽ താരം സീരിഎ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ സലെർനിറ്റാനക്ക് വേണ്ടി കളിക്കുമെന്നാണ് ഫാബ്രിസിയോ റൊമാനോ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 2023 വരെയാണ് താരവുമായി ക്ലബ്ബ് കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നും മെഡിക്കൽ ടെസ്റ്റുകൾ പൂർത്തിയായാൽ ഉടനെ ക്ലബ്ബുമായി താരം കരാറിൽ ഒപ്പിടുമെന്നും റൊമാനോ പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ സീരിഎയിൽ പതിനഞ്ച് മത്സരങ്ങളിൽ നിന്നും പതിനേഴ് പോയിന്റുമായി 12 സ്ഥാനത്താണ് സലെർനിറ്റാന. നിലവിൽ തഴംതാഴ്ത്തൽ ഭീഷണിയൊന്നും നേരിടാത്ത ക്ലബ്ബിലെ ഒച്ചോവോയുടെ കരാർ സ്ഥീരികരിക്കപെട്ടാൽ മിലാൻ, ഇന്റർമിലാൻ, നാപ്പോളി, റോമാ, യുവന്റസ്, അറ്റ്ലാന്റ, മുതലായ വമ്പൻ ക്ലബ്ബുകൾക്കെതിരെ കളിക്കാൻ ഒച്ചോവക്ക് അവസരമൊരുങ്ങും.

2006 ലോകകപ്പ് മുതൽ മെക്സിക്കൻ ഫുട്ബോൾ ടീമിൽ സെലക്ഷൻ നേടിയ ഒച്ചോവോ ശ്രദ്ധിക്കപ്പെടുന്നത് 2010 ലോകകപ്പിലെ പ്രകടനങ്ങളുടെ പേരിലാണ്.

പിന്നീട് ലോകകപ്പിൽ മാത്രം കാണാൻ കഴിയുന്ന അത്ഭുത ഗോൾ കീപ്പർ എന്ന പേരിൽ ഒച്ചോവോ ആരാധക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

മെക്സിക്കൻ രാജ്യാന്തര ടീമിനായി 134 മത്സരങ്ങൾ കളിക്കാൻ സാധിച്ച ഒച്ചോവോക്ക് ക്ലബ്ബ്‌ കരിയറിൽ മൊത്തം 679 മത്സരങ്ങളാണ് കളിക്കാൻ സാധിച്ചത്. 2020ൽ മെക്സിക്കൻ ഫുട്ബോൾ ടീമിനൊപ്പം സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടാനും ഒച്ചോവോക്ക് സാധിച്ചിട്ടുണ്ട്.

 

Content Highlights:The wait is over; Mexico’s amazing goalkeeper Ochoa will now play in Europe