സൈജു കുറുപ്പിന്റെ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിലൊന്നാണ് ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലെ ‘അറക്കല്‍ അബു’. സിനിമയിലെ അബുവിന്റെ പല ഡയലോഗുകളും വലിയ ഹിറ്റാവുകയും ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആടിലെ തന്റെ വൈറല്‍ ഡലയോലോഗുകളെല്ലാം ജയസൂര്യയുടെ സംഭാവനയാണ് എന്ന് പറയുകയാണ് സൈജു കുറുപ്പ്. കാന്‍ചാനല്‍മീഡിയയോടായിരുന്നു സൈജുവിന്റെ പ്രതികരണം.
‘ആട് പോലെ ഹ്യൂമറിന് പ്രധാന്യമുള്ള സിനിമ ചെയ്യുമ്പോള്‍ ജയനെ പോലുള്ളവരുടെ സപ്പോര്‍ട്ട് ആവശ്യമാണ്. അദ്ദേഹമത് വാരിക്കോരി തരുകയും ചെയ്യും. ആടില്‍ എന്റെ ഏറ്റവും ഹിറ്റായ ഡയലോഗ് ‘ഷാജിയേട്ടാ നമ്മള്‍ പോലുമറിയാതെ നമ്മളൊരു അധോലോകമായി മാറിയിരിക്കുന്നു’ എന്നതാണ്. അത് ജയന്റെ സംഭാവനയാണ്.
അതുപോലെ ‘ഷാജിയേട്ടാ ഇവളെയങ്ങ്’ എന്ന ഡോയലോഗും ‘ആട്ടിന്‍കാട്ടത്തിന് പിന്നെ അവലോസുണ്ടയുടെ രുചിയുണ്ടാവില്ലല്ലോ ഷാജിയേട്ടാ’ എന്ന ഡയലോഗും ജയസൂര്യ കൊണ്ടുവന്നതാണ്,’ സൈജു പറഞ്ഞു.
‘ഷാജിയേട്ടാ ഇവളെയങ്ങ് എന്ന ഡയലോഗ് അഭിനയിക്കുന്നതിന് മുന്‍പ് ജയസൂര്യ എന്നോട് പറഞ്ഞു, ‘നോക്കിക്കോ സൈജു ഒരുപാട് ട്രോളന്മാര്‍ ഈ ഡയലോഗ് ഉപയോഗിക്കും’. ഇപ്പോഴും ആള്‍ക്കാര് പൊതുവേ ദാസന്റേയും വിജയന്റേയും ഡയലോഗ് പോലെ ഉപയോഗിക്കുന്നതാണ് ആടിലെ ഈ ഡയലോഗ്,’ സൈജു കൂട്ടിച്ചേര്‍ത്തു.
2015 ല്‍ പുറത്തിറങ്ങിയ ആട് തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് കട്ട് ചെയ്ത വന്ന വേര്‍ഷന്‍ ഹിറ്റാവുകയായിരുന്നു. ചിത്രം ജനകീയമായതോടെ 2017 ല്‍ രണ്ടാം ഭാഗവും പുറത്തിറങ്ങി.
‘ഉപചാരപൂര്‍വം ഗുണ്ടജയനാണ്’ ഇനി സൈജു കുറുപ്പിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. അരുണ്‍ വൈഗയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.