| Sunday, 12th May 2024, 10:58 pm

വ്യത്യസ്തരുടെ കഥ പറഞ്ഞ ഗ്രാമം; മനേഷ് മാധവന്‍ പകര്‍ത്തിയെടുത്ത പെരുമാനി

വി. ജസ്‌ന

അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് പെരുമാനി. വളരെ വ്യത്യസ്തമായ ഗ്രാമത്തിന്റെയും അവിടുത്തെ വ്യത്യസ്തരായ കുറേ മനുഷ്യരുടെയും കഥയാണ് പെരുമാനി എന്ന ചിത്രം പറയുന്നത്.

ബഷീറിന്റെ കഥകളില്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളോടും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ തസ്രാക്കിലെ ആളുകളോടും സാമ്യം തോന്നുന്ന മനുഷ്യരാണ് പെരുമാനിയിലേത്. ദൃശ്യാവിഷ്‌ക്കരണ രീതി കൊണ്ടും വ്യത്യസ്തമായ കഥ പറച്ചില്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന ചിത്രമാണ് പെരുമാനി.

കുറച്ച് കാരിക്കേച്ചറും ഫാന്റസി രീതിയിലുമുള്ള സിനിമയാണ് ഇത്. മുജിയുടെ പെരുമാനി കാണുന്ന ഏതൊരാളെയും കണ്ണിമ വെട്ടാതെ സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്നത് ആ ഗ്രാമത്തിന്റെ ഭംഗി തന്നെയാണ്. ആ ഭംഗിയുടെ പിന്നിലുള്ള വ്യക്തി മനേഷ് മാധവനാണ്.

മനേഷ് മാധവനാണ് പെരുമാനിയുടെ സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത്. ഇല വീഴാ പൂഞ്ചിറ, ഏദന്‍, വാതില്‍, ജോസഫ് ഉള്‍പ്പെടെയുള്ള മികച്ച സിനിമകള്‍ പകര്‍ത്തിയെടുത്ത സിനിമാറ്റോഗ്രാഫറാണ് അദ്ദേഹം. പെരുമാനിയുടെ ഭംഗിയെ അതേപടി ഒപ്പിയെടുക്കാന്‍ മനേഷിന് സാധിച്ചിട്ടുണ്ട്.

ആ ഗ്രാമത്തെ ഇതിലും മനോഹരമായി മറ്റൊരാള്‍ക്ക് കാണിക്കാന്‍ കഴിയാത്ത വിധമാണ് മനേഷിന്റെ സിനിമാറ്റോഗ്രാഫി. ഓരോ ഷോട്ടുകളും അതിന്റെ ഏറ്റവും ഭംഗിയിലാണ് പെരുമാനിയിലൂടെ അദ്ദേഹം കാണിക്കുന്നത്.

സിനിമയില്‍ വരുന്ന ഓരോ സീനുകളും സ്‌ക്രീന്‍ഷോട്ടുകളെടുത്ത് സൂക്ഷിക്കാന്‍ പോലും തോന്നും വിധമാണ് പെരുമാനി ഗ്രാമത്തെ മനേഷ് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങളെയും തന്റെ ക്യാമറയിലൂടെ ഏറ്റവും മനോഹരമായി കാണിക്കാന്‍ മനേഷ് മാധവന് സാധിച്ചു.

വിനയ് ഫോര്‍ട്ട്, ദീപ തോമസ്, സണ്ണി വെയ്ന്‍, ലുക്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ പെരുമാനി മജുവിന്റെ മികച്ച ഒരു ചിത്രം തന്നെയാണ്. നവാസ് വള്ളിക്കുന്ന്, രാധിക രാധാകൃഷ്ണന്‍, വിജിലേഷ്, ഫ്രാങ്കോ എന്നിവരും ഒന്നിച്ച ചിത്രം ഏറെ പ്രശംസ അര്‍ഹിക്കുന്നതാണ്.

Content Highlight: The Village That Told The Story Of Different People; Perumani By Manesh Madhavan

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more