| Thursday, 27th April 2023, 5:01 pm

ഫാനായിരിക്കാന്‍ ആര്‍ക്കും പറ്റും, എന്നാല്‍ ചങ്കുപറിച്ചുകൊടുത്ത് കൂടെ നില്‍ക്കാന്‍ കുറച്ച് പ്രയാസമാണ്; വീഡിയോയുമായി രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ എട്ടാം മത്സരത്തിനിറങ്ങുകയാണ്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ കൂള്‍ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് സഞ്ജുവിനും കൂട്ടര്‍ക്കും നേരിടാനുള്ളത്.

നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും നാല് വിജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ചെന്നൈക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറാനും രാജസ്ഥാന് സാധിക്കും.

ഹോം ഗ്രൗണ്ടില്‍ മറ്റൊരു മത്സരത്തിനിറങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയാവുകയാണ്. തങ്ങളുടെ ഫാന്‍സിനെ കുറിച്ചുള്ള വീഡിയോ ആണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.

ഏതെങ്കിലും ഒരു ടീമിന്റെ ഫാനായിരിക്കാന്‍ എളുപ്പമുള്ള കാര്യമാണെന്നും എന്നാല്‍ വിശ്വസ്തനായ ആരാധകനായിരിക്കാന്‍ അല്‍പം പ്രയാസമാണെന്നും വീഡിയോയില്‍ പറയുന്നു. ഗ്രൗണ്ടിലെ ഓരോ താരങ്ങളും അനുഭവിക്കുന്ന സമ്മര്‍ദ്ദം കളി കാണുന്ന നിങ്ങള്‍ക്കുണ്ടാവുകയാണെങ്കിലാണ് നിങ്ങളൊരു ലോയല്‍ ഫാനാവുകയെന്നാണ് വീഡിയോയില്‍ പറയുന്നത്.

പല കാരണങ്ങള്‍ കൊണ്ടും ചെന്നൈക്കെതിരായ മത്സരം മിസ് ചെയ്യാന്‍ സാധിക്കില്ലെന്നും വീഡിയോയില്‍ പറയുന്നു.

നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലെത്തി ചെന്നൈയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്.

ഏപ്രില്‍ 12ന് നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു രാജസ്ഥാന്‍ വിജയിച്ചത്. എം.എസ്. ധോണിയും രവീന്ദ്ര ജഡേജയും ക്രീസിലുണ്ടായിരിക്കെ അവസാന ഓവറില്‍ വിജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കെ സന്ദീപ് ശര്‍മ ചെന്നൈയെ വിജയത്തിന് മൂന്ന് റണ്‍സകലെ തളച്ചിടുകയായിരുന്നു.

മത്സരത്തില്‍ ഓള്‍ റൗണ്ട് പ്രകടനം കാഴ്ചവെച്ച മുന്‍ സി.എസ്.കെ താരം കൂടിയായ ആര്‍. അശ്വിനായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 30 റണ്‍സ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്താണ് അശ്വിന്‍ രാജസ്ഥാന്‍ നിരയില്‍ നിര്‍ണായകമായത്.

ഇന്ന് ജയ്പൂരില്‍ വെച്ച് നടക്കുന്ന മത്സരത്തിലും അശ്വിനടക്കമുള്ള താരങ്ങള്‍ മികവ് പുലര്‍ത്തുമെന്നും രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് മടങ്ങിയെത്തുമെന്നും തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: The video shared by Rajasthan Royals is going viral

We use cookies to give you the best possible experience. Learn more